കേരള പോലീസിന്റെ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം കോക്കൂണ്‍ 19നു കൊല്ലത്ത് നടക്കും

199

തിരുവനന്തപുരം: കേരള പോലീസിന്റെ അഭിമാന സംരംഭമായ c0c0n 2016 ആഗസ്റ്റ് 19,20 തീയതികളില്‍ കൊല്ലത്ത് ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ നടക്കും. അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തിന്റെ ഭാഗമായി കേരള പോലീസ് സംഘടിപ്പിക്കുന്ന കോക്കൂണ്‍ 2016 അന്തര്‍ ദേശീയ തലങ്ങളില്‍ ശ്രദ്ധേയമാകുമെന്നാണു കരുതപ്പെടുന്നത്.സമകാലീന സൈബര്‍ ലോകത്തെ പുത്തന്‍ പ്രവണതകളെയും വെല്ലുവിളികളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തും. സൈബര്‍ സേഫ് എന്ന പേരില്‍ ആരംഭിച്ച വാര്‍ഷിക അന്താരാഷ്ട്ര സെമിനാറുകള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ വിദഗ്ദരുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കോക്കൂണിനു ലഭിച്ച സ്വീകാര്യതയുടെ തെളിവാണ് ഓരോ സമ്മേളനത്തിനും ലഭിക്കുന്ന വമ്ബിച്ച വിദഗ്ധ പങ്കാളിത്തം.
കോക്കൂണ്‍ -2016 ല്‍ അന്തരാഷ്ട്ര സൈബര്‍ സുരക്ഷയ്ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന POLCYB, ISRA എന്നീ സംഘടനകള്‍ പങ്കാളികളാകും. സൈബര്‍ കുറ്റകൃത്യങ്ങള്‍ ലേകത്തിനാകെ വെല്ലുവിളിയാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ മുന്‍ നിര്‍ത്തി നടത്തുന്ന ഈ സൈബര്‍ സമ്മേളനം സൈബര്‍ കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുവാന്‍ സംസ്ഥാന പോലീസിനെ പ്രാപ്തമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ ജനങ്ങള്‍ക്കും പോലീസിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. തീവ്രവാദം മുതല്‍ കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണം വരെ അതിര്‍വരമ്ബുകളില്ലാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിച്ചിരിക്കുന്നു. കുറ്റവാളികളുടെ അദൃശ്യാവരണം ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. സ്വപ്നങ്ങള്‍ പോലും ഇന്റെര്‍നെറ്റിന്റെ ചിറകില്‍ ഏറുന്ന ഈ ലേകത്ത് സൈബര്‍ കുറ്റകൃത്യം എന്ന പദം ഒഴിവാക്കാനാകാത്തതാണ്. ഇന്റര്‍നെറ്റിന്റെ ആകര്‍ഷണീയതയ്ക്കുള്ളില്‍ ഒത്തിരി ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യാന്തര അതിര്‍ വരമ്ബുകളില്ലാത്തതിനാല്‍ പലപ്പോഴും കുറ്റകൃത്യങ്ങള്‍ തടയുവാനും കഴിയുന്നില്ല. പൊതുജനങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച്‌ അറിവു കുറഞ്ഞവരുമാണ്. ഈ സാഹചര്യത്തില്‍ നിയമപാലകരും, മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സഹകരിച്ച്‌ സൈബര്‍ കുറ്റകൃത്യങ്ങളെ അമര്‍ച്ച ചെയ്യേണ്ടത് ആവശ്യമയി തീര്‍ന്നിരിക്കുന്നു. ഡിജിറ്റല്‍ സുരക്ഷയെ ബാധിക്കുന്ന വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിന് അതിവിദഗ്ദരായ സൈബര്‍ കുറ്റാന്വേഷകരെ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയായി മാറി.കേരള പോലീസ് സൈബര്‍ ഡോം എന്ന പേരില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള പോലീസ് ആരംഭിച്ച സൈബര്‍ റിസര്‍ച്ച്‌ സെന്റര്‍ മുഖേന സമകാലീന സൈബര്‍ വെല്ലുവിളികളെ നേരിടാന്‍ കേരള പോലീസ് സജ്ജമാണ്. മുന്‍ വര്‍ഷങ്ങളിലെ സമ്മേളനങ്ങളില്‍ നിന്നും നേടിയ അറിവുകളും അനുഭവങ്ങളും ഉള്‍ക്കോണ്ടാണ് ഈ അന്താരാഷ്ട്ര സൈബര്‍ വിദഗ്ധരുടെ സൈബര്‍ ഡോം പ്രവര്‍ത്തിക്കുന്നത്. സൈബര്‍ തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുതിനും, രാജ്യന്താര കുറ്റവാളികളെ കണ്ടെത്തുന്നതിലുമാണ് കേരള പോലീസ് സൈബര്‍ ഡോംമിന്റെ പ്രധാന ലക്ഷ്യം. സൈബര്‍ കോണ്‍ഫറന്‍സ് എന്ന നിലയില്‍ നിന്നു മാറി ദേശീയ/അന്തര്‍ദേശിയ കുറ്റാന്വേഷണ ഏജന്‍സികളുടെയും, ഐ.ടി രംഗത്തുള്ളവരുടെയും പങ്കാളിത്തത്തോടെ നടക്കുന്ന കോക്കൂണിന്റെ വേദികളില്‍ അനുഭവങ്ങളും, പരിമിതികളും, നിര്‍ദേശങ്ങളും, നിയമങ്ങളും ചര്‍ച്ചചെയ്യും.
ഇത്തരം ചര്‍ച്ചകള്‍ സൈബര്‍ ലോകത്തിലെ വിവിധ സമൂഹങ്ങളുടെ വ്യത്യസ്ത തലങ്ങളെ വിശകലനം ചെയ്യുന്നതിനും കുറ്റകൃത്യങ്ങളുടെ തോത് മനസ്സിലാക്കുന്നതിനും അവയ്ക്ക് അനുസരിച്ച്‌ കുറ്റാന്വേഷണ രീതികള്‍ക്ക് കാലോചിതവും സാങ്കേതികവുമായ മാറ്റങ്ങള്‍ വരുത്താനും പ്രാപ്തരാക്കും. സ്വകാര്യ/പൊതുമേഖലകളെ കൂട്ടിയിണക്കി സമൂഹത്തിനെ സൈബര്‍ വെല്ലുവിളികളെ കുറിച്ച്‌ ബോധവാന്‍മാരാക്കുന്ന ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് കോക്കൂണ്‍. കോക്കൂണ്‍ 2016 ലെ വിഷയങ്ങള്‍1. നൂതന സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍2. സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ പ്രതിരോധ സുരക്ഷാമാര്‍ഗ്ഗങ്ങള്‍3. ഡിജിറ്റൈസേഷന്‍- മികച്ച സേവനത്തിനായി4. ഡിജിറ്റൈസേഷന്‍- ശക്തിപെടുത്തുന്നതിനായി5. സൈബര്‍ സുരക്ഷിതമായ സര്‍ക്കാര്‍6. ആധുനിക സൈബര്‍ കുറ്റകൃത്യങ്ങളുടെ നിയന്ത്രണം7. എത്തിക്കല്‍ ഹാക്കിംഗ്കേരള പോലീസ് സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതില്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സൈബര്‍ സുരക്ഷയുടെ ആവശ്യകത, സുരക്ഷ എന്നിവയില്‍ സദാ ബോധവല്‍ക്കരണം നടത്തി വരുന്നു.
ഇത്തരം പരിപാടികള്‍ ആധുനികമായ സാങ്കേതിക വിദ്യകളെയും, സൈബര്‍സുരക്ഷയെയും കുറിച്ച്‌ പരിചയപ്പെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യവസായിക, സര്‍ക്കാര്‍, സ്വകാര്യ സംരഭകര്‍ക്ക് ആശയവിനിമയത്തിനുള്ള വേദിയുമായി മാറുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള സൈബര്‍കുറ്റകൃത്യങ്ങള്‍ തടയുക അതിലേക്കായി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം സാധ്യമാക്കുക, ഒരു നല്ല നാളേക്കായി സൈബര്‍ കുറ്റവാളികളെ ചെറുത്തുനിര്‍ത്താന്‍ ജനങ്ങളെ പ്രാപ്തരാക്കുക മുതലായ ലക്ഷ്യങ്ങളാണ് ഈ പരിപാടിയിലൂടെ പോലീസ് മുന്നോട്ടുവയ്ക്കുന്നത്.19 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. യു.എ.ഇ ഉപപ്രധാന മന്ത്രി Lt. Gen. H.H. Sheik Saif bin Zayed Al Nahyan ഷെയ്ഖ് സെയ്ഫ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ പ്രത്യേക ക്ഷണിതാവായിരിക്കും. മുകേഷ് എംഎല്‍എ അധ്യക്ഷനായിരിക്കും. മേയര്‍ വി.രാജേന്ദ്ര ബാബു, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ എന്നിവര്‍ പ്രസംഗിക്കും.
മന്ത്രി ശ്രീമതി. മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരിക്കും. ശശി തരൂര്‍ എം.പി, അരുണ സുന്ദര്‍ രാജ് .ഐ.എ.എസ്, ഡിജിപി ലോക്നാഥ് ബഹ്റ, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവര്‍ സംസാരിക്കും.