സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം : സെമിനാർ ഉദ്ഘാടനം ചെയ്തു.

103

തിരുവനന്തപുരം : അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിച്ചു. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാകുന്നതിനെ കുറിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും സംയുക്തമായാണ് മസ്‌ക്കറ്റ് ഹോട്ടലിൽ സെമിനാർ സംഘടിപ്പിച്ചത്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്തു. അനധികൃത റിക്രൂട്ട്മെന്റും വിസ തട്ടിപ്പും സംഘടിത കുറ്റകൃത്യമായി വളരുന്നുണ്ടെന്നും ഇത് സംബന്ധിച്ച് പോലീസിന് ദിനംപ്രതി പരാതികൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാക്കുന്നതിന് ബോധവത്ക്കരണം ആവശ്യമാണ്. കുടിയേറ്റ നിയമങ്ങൾ സംബന്ധിച്ച് പോലീസ് അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റാന്റേർഡ് പ്രോട്ടോക്കോൾ വിദേശ കാര്യമന്ത്രാലയം തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്ന് ഡി.ജി.പി അഭ്യർഥിച്ചു.

സുരക്ഷിതമായ കുടിയേറ്റം സാധ്യമാക്കുന്നതിനും അനധികൃത കുടിയേറ്റങ്ങൾക്ക് തടയിടുവാനും 2014 ൽ ഇമൈഗ്രേറ്റ് സംവിധാനം പ്രാവർത്തികമാക്കിയിട്ടുള്ളതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അമൃത് ലുഗുൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി ചില ആൾക്കാർ അനധികൃത കുടിയേറ്റത്തിന് അവസരം ഒരുക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് വിദേശത്ത് കുടിയേറ്റത്തിന് പോകുന്നവരുടെ ഏകദേശ കണക്കുകളേ ഉള്ളൂ എന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. വിദേശ കുടിയേറ്റം സംബന്ധിച്ച് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും അദ്ദേഹം പറഞ്ഞു.നൂറുകണക്കിന് ആൾക്കാർ സന്ദർശക വിസയിലാണ് വിദേശത്ത് പോകുന്നത്. ഇ.സി.ആർ പാസ്പോർട്ടുകാർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഉള്ളതിനാൽ ഇ. സി. ആർ, ഇ.സി.എൻ. ആർ എന്നീ രണ്ട് രീതിയിൽ പാസ്പോർട്ട് അനുവദിക്കുന്ന രീതി ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പ്രൊഫസർ ഡോ. എസ്. ഇരുദയ രാജൻ പഞ്ചാബിൽ പ്രവാസികളുടെ പരാതികൾ കൈകാര്യം ചെയ്യുവാൻ എൻ.ആർ.ഐ പോലീസ് സ്റ്റേഷനുണ്ട്. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം. ഓരോ ഇന്ത്യൻ എംബസിയിലും പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് വേണം. വിദേശ കൂടിയേറ്റതിന് മുമ്പ് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം, തിരികെ വരുന്നവരെ എങ്ങനെ പുനരധിവസിപ്പിക്കണം എന്നിവ ചിന്തിക്കേണ്ടതുണ്ട്. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റത്തെ സഹായിക്കുകയല്ല മറിച്ച് പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കണം നയം എന്നും പറഞ്ഞു.

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രാവർത്തികമാക്കുന്നതിന്റെ നടപടിക്രമം ചർച്ച ചെയ്യുകയാണ് സെമിനാറിലൂടെ ലക്ഷ്യമിട്ടതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.

നിയമപരവും സുരക്ഷിതവുമായ വിദേശ കുടിയേറ്റം സാധ്യമാക്കുന്നത് സംബന്ധിച്ച് വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി നിഷികാന്ത് സിംഗ്, ഡയറക്ടർ കേണൽ രാഹുൽ ദത്ത് എന്നിവരും പോലീസ് അധികാരികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് എൻ ആർ ഐ സെൽ എസ്. പി അബ്ദുൾ റാഷിയും സംസാരിച്ചു. ട്രാവൻകൂർ റിക്രൂട്ടിംഗ് വെൽഫെയർ അസ്സോസിയേഷനെ പ്രതിനിധീകരിച്ച് ഉണ്ണികൃഷ്ണകുറുപ്പ്, എസ്. രാജൻ എന്നിവർ സംസാരിച്ചു.

NO COMMENTS