ശബരിമലയില്‍ സ്‌ത്രീപ്രവേശനം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്‍

190

തിരുവനന്തപുരം: ശബരിമലയില്‍ വിഐപി ക്യു വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവും രാഷ്ട്രീയ വിവാദത്തില്‍.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ സമവായമാണ് വേണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.
എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും ശബരിമലയുടെ കാര്യത്തിലും സിപിഎം നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പുതിയ സത്യവാങ്മൂലം നല്‍കണം. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണണമെന്ന് പറയാന്‍ കോടിയേരിക്ക് എന്തധികാരമെന്ന് കുമ്മനം രാജശേഖരന്റെ ചോദ്യം. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമവായമാണ് ഉണ്ടാകേണ്ടതന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.
അതിനിടെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അധികാരമെല്ലെന്ന വാദവുമായി ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ സമാപനം മര്യാദ കേടാണ്. വികാരമല്ല വിവേകമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഉണ്ടാകേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.