മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ കനത്ത സുരക്ഷ

198

ശബരിമല : മകരവിളക്ക് ഉത്സവം പ്രമാണിച്ച്‌ ശബരിമലയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ക്ക് എല്ലാം പത്തനംതിട്ട ജില്ലാ കളക്ടറാണ് നേതൃത്വം നല്‍കുന്നത്. മകരവിളക്കിനോടാനുബന്ധിച്ച്‌ ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മേധാവികളും സാന്നിധാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിയിരുന്നു. 13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1400 സിവില്‍ പോലീസ് എന്നിങ്ങനെയാണ് പോലീസ് സേനാവിഭാഗം.

ഇതിനുപുറമേ 180 ആര്‍എഎഫ്, 40 എന്‍ഡിആര്‍എഫ്, 30 ഐആര്‍ ബറ്റാലിയന്‍, കര്‍ണാടക പോലീസ്, ആന്ധ്രാ പോലീസ്, 13 കമാന്‍ഡോകള്‍, വയര്‍ലെസ് വിഭാഗം തുടങ്ങി 2000ല്‍പ്പരം സേനാംഗങ്ങളാണ് ഇപ്പോള്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്. മകരവിളക്കിന് അടുത്ത ബാച്ചും കുടുതല്‍ പോലീസും എത്തും. എക്സൈസ്, ഫയര്‍ഫോഴ്സ്, ഫുഡ് ആന്റ് സേഫ്റ്റി തുടങ്ങി മറ്റ് വിഭാഗങ്ങളിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ എത്തി. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തി. ചന്ദ്രാനന്ദന്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയും ക്യൂ കോംപ്ലക്സുകള്‍ ക്രമീകരിച്ചും പതിനെട്ടാംപടിവഴി കയറുന്നതിന്റെ വേഗം കൂട്ടിയും വെര്‍ച്ചല്‍ക്യൂ ജനറല്‍ ക്യൂ ആക്കിയും, വടക്കേനടവഴി കൂടുതല്‍ ഭക്തരെ ക്രമീകരിച്ചും ഭക്തരുടെ ഒഴുക്കിനെ നിയന്ത്രിക്കും.

ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാവുമ്പോള്‍ അവരെ ക്യൂ കോംപ്ലക്സാക്കി വിശ്രമിക്കാന്‍ അവസരം നല്‍കും. സന്നിധാനം, പമ്പ, പത്തനംതിട്ട കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് ആസ്ഥാനത്തു നിന്നും നിരീക്ഷണക്യാമറകളിലെ ദൃശ്യങ്ങള്‍ വീക്ഷിക്കാനാകും. ജില്ലാ കളക്ടര്‍, ഡിജിപി എന്നിവര്‍ക്ക് ഏത് സമയത്തും ദൃശ്യങ്ങള്‍ നോക്കി സ്ഥിതിഗതികള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും. കുടിവെള്ള വിതരണവും കെഎസ്‌ആര്‍ടിസി സര്‍വീസും കാര്യക്ഷമമാക്കും.ഈ ദിവസങ്ങളിലേക്കായി മോട്ടോര്‍ വാഹന വകുപ്പും പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.