സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തി സര്‍വീസ് നടത്തിയ എസ് കെ എസ് എസ് എഫിന്റെ മൂന്ന് ആംബുലന്‍സുകള്‍ പിടിച്ചെടുത്തു

187

തിരുവനന്തപുരം: സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തി സര്‍വീസ് നടത്തിയ എസ് കെ എസ് എസ് എഫിന്റെ മൂന്ന് ആംബുലന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രജിസ്ട്രേഷനില്‍ കൃത്രിമം നടത്തി കൂടുതല്‍ തട്ടിപ്പ് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എസ് കെ എസ് എസ് എഫിന്റെ ആംബുലന്‍സുകള്‍ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്‍ ടി ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു ആംബുലന്‍സിന് രജിസ്ട്രേഷന്‍ എടുത്ത് അതേ നമ്ബര്‍ മറ്റു വാഹനങ്ങള്‍ക്ക് നല്‍കിയാണ് എസ് കെ എസ് എസ് എഫ് തട്ടിപ്പ് നടത്തിയത്. രണ്ട് ആംബുലന്‍സുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വളപ്പില്‍ നിന്നും ഒരെണ്ണം പോത്തന്‍കോട് വെട്ടുറോഡിനടുത്തുള്ള വര്‍ക്ഷോപ്പില്‍ നിന്നുമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, കഴക്കൂട്ടം മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സംയുക്ത പരിശോധന നടത്തിയത്.

കെ എല്‍ 01 എ ടി 6093 എന്ന നമ്ബറില്‍ സര്‍വീസ് നടത്തിയിരുന്ന രണ്ട് ആംബുലന്‍സുകളും കെ എല്‍ 27 2914 എന്ന നമ്ബറില്‍ രജിസ്ട്രേഷന്‍ പോലും എടുക്കാതെ സര്‍വീസ് നടത്തിയ മറ്റൊരു ആംബുലന്‍സുമാണ് പിടിച്ചെടുത്തത്. എസ് കെ എസ് എസ് എഫിന്റെ സാന്ത്വനം കെയര്‍ എന്ന പേരിലാണ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നത്. പിടിച്ചെടുത്ത ആംബുലന്‍സുകള്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കെ എല്‍ 01 എ ക്യു 5085 നമ്ബറില്‍ സര്‍വീസ് നടത്തിയിരുന്ന മറ്റൊരു ആംബുലന്‍സ് തൃശൂരില്‍ നേരത്തെ അപകടത്തില്‍പ്പെട്ട് നശിച്ച ആംബുലന്‍സിന്റെ നമ്ബറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണിയാപുരം കേന്ദ്രീകരിച്ച്‌ സര്‍വീസ് നടത്തിയിരുന്ന ഈ വാഹനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിഞ്ഞിട്ടില്ല. മുന്‍ ഭാഗത്തെ നമ്ബര്‍ പ്ലേറ്റ് മറച്ചുവെച്ചാണ് ഈ ആംബുലന്‍സ് സര്‍വീസ് നടത്തിയിരുന്നത്. ചേസിസ് നമ്ബര്‍, എന്‍ജിന്‍ നമ്ബര്‍ തുടങ്ങിയവ ഇല്ലാതെയാണ് ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയിരുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, പരിശോധന തുടങ്ങിയതോടെ സംസ്ഥാന വ്യാപകമായി സമാന രീതിയില്‍ സര്‍വീസ് നടത്തിയിരുന്ന ആംബുലന്‍സുകള്‍ അജ്ഞാതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.