രോഗികളായി എത്തിയവര്‍ ഡോക്ടറെ കൊള്ളയടിച്ചു പണവും ആഭരണങ്ങളും ഉള്‍പ്പെടെ വിലപ്പെട്ട വസ്തുക്കളുമായി കടന്നു കളഞ്ഞു

172

ബംഗലുരു: രോഗികളായി എത്തിയവര്‍ ഡോക്ടറെ കൊള്ളയടിച്ചു പണവും ആഭരണങ്ങളും ഉള്‍പ്പെടെ വിലപ്പെട്ട വസ്തുക്കളുമായി കടന്നു കളഞ്ഞു. ശനിയാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ ഒകാലിപുരത്തെ 40 കാരനായ ഡോക്ടര്‍ക്കാണ് നഷ്ടം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് സഹായം തേടിയെങ്കിലും ശ്രീരാംപുര പോലീസ് സ്റ്റേഷനില്‍ ഒരു കോണ്‍സ്റ്റബിള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് സംഘം എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ മുങ്ങുകയും ചെയ്തു.
മന്ത്രി മാളിന് സമീപം കെജെഎം ഹെല്‍ത്ത് കെയര്‍ സെന്‍ററിലെ ഡോക്ടറായ ജെ സുബ്രാമണിയാണ് മോഷണത്തിന് ഇരയായത്. തലവേദനയും തലചുറ്റലുമെന്ന് പറഞ്ഞ് രാത്രി എട്ടരയോടെയാണ് രണ്ടു പേരാണ് ക്ളിനിക്കില്‍ എത്തിയത്. തുടര്‍ന്ന് രോഗിയായി നടിച്ചിരുന്നയാളെ പരിശോധിക്കുന്നതിനിടയില്‍ ഇയാള്‍ ഒളിപ്പിച്ചിരുന്ന കഠാര പുറത്തെടുക്കുകയും എതിര്‍ത്താല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും പണമുള്‍പ്പെടെ വിലപ്പെട്ടതെല്ലാം എടുക്കാന്‍ പറയുകയും ചെയ്തു.

ഈ സമയത്ത് രണ്ടാമന്‍ ഡോക്ടറുടെ മേശവലിപ്പ് തുറന്ന് പണമെല്ലാം ബാഗിലാക്കി. തുടര്‍ന്ന് പുറത്തേക്കിറങ്ങുന്പോള്‍ ഡോക്ടറുടെ മാലയും പിടിച്ചുപറിച്ചെടുത്തു. രോഗികളായി നടിച്ച്‌ മോഷ്ടാക്കള്‍ എത്തുംവരെ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയ 17 കാരന്‍ മകന്‍ മുറിയില്‍ ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ കയറുന്പോള്‍ ഇയാള്‍ പുറത്തേക്ക് പോയിരുന്നു. അകത്ത് മോഷണം നടക്കുന്പോള്‍ മകന്‍ പുറത്തെ ബൈക്കില്‍ ഇരിക്കുകയായിരുന്നു. മറ്റൊരു രോഗിയും ഈ സമയത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ ഒരു കാര്യവുമറിഞ്ഞില്ല.
സാവധാനം പുറത്തിറങ്ങിയ മോഷ്ടാക്കള്‍ ഇവരെ കാത്ത് ക്ളിനിക്ക് പുറത്ത് നിന്നിരുന്ന മൂന്നാമനുമയി പോകുകയും ചെയ്തു. അതേസമയം പതിവായി ക്ളിനിക്കില്‍ വരുന്നതും ക്ളിനിക്കിനെ കുറിച്ച്‌ കൃത്യമായി ധാരണയുമുള്ളവരാണ് മോഷ്ടാക്കളെന്നാണ് പോലീസ് കരുതുന്നത്്. പണം ഒളിപ്പിച്ചിരുന്ന സ്ഥലം പോലും മോഷ്ടാക്കള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചെങ്കിലും പെട്രോളിംഗ് പാര്‍ട്ടി എത്തുന്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. പിന്നീട് ശ്രീരാംപുര സ്റ്റേഷനിലെ നന്പര്‍ നല്‍കിയ ശേഷം അവിടെ വിളിച്ചുപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഡോക്ടര്‍ വിളിക്കുന്പോള്‍ എല്ലാവരും പ്രസിഡന്‍റിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഐപി ഡ്യൂട്ടിയില്‍ ആണെന്നും താന്‍ ഒരാളെ സ്ഥലത്തുള്ളെന്നുമാണ് പോലീസുകാരന്‍ പറഞ്ഞത്. പിന്നീട് വിവരം മനസ്സിലാക്കി പോലീസ് സംഘം എത്തിയപ്പോഴേയ്ക്ക് ഒരു മണിക്കൂറോളം കഴിഞ്ഞിരുന്നു. കള്ളന്മാര്‍ക്ക് മോഷണ മുതലുമായി കടക്കാന്‍ സമയം ഏറെ കിട്ടിയെന്നാണ് ഡോക്ടറുടെ ആരോപണം.

NO COMMENTS

LEAVE A REPLY