അത്തപതാക ഉയർന്നു – ഇനി ഓണാഘോഷ നാളുകൾ

106

തൃപ്പൂണിത്തുറ: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം. രാവിലെ 9.30ന് അത്തം നഗറിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അത്തപാത ഉയർത്തി ചടങ്ങുകൾ ആരംഭിച്ചു. തൃപ്പൂണിത്തുറ നഗരസഭയുടെ അത്താഘോഷം ഉദ്ഘാടനം ചെയ്ത സാംസ്കാരിക മന്ത്രി മലയാളികളുടെ മധുര സങ്കൽപമായ ഓണം കാണം വിൽക്കാതെ ആഘോഷിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഉറപ്പ് വരുത്തിയതായി അറിയിച്ചു.

ജനങ്ങളുടെ ഐക്യം ശകതിപ്പെടുത്തി സാമൂഹ്യജീവിതം സുഗമമാക്കുന്നതിന് കൂട്ടായ്മകളുടെ ഉത്സവങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മനുഷ്യരെല്ലാവരും ഒരുപോലെ എന്ന ഓണപ്പാട്ടിന്റെ സന്ദേശം വിവേചന രഹിതമായ ഒരു സമൂഹത്തിന്റെ ആവശ്യകതയാണ് ഉയർത്തിക്കാട്ടുന്നതെന്ന് വ്യക്തമാക്കി. സഹിഷ്ണുതയും സാഹോദര്യവും പുലർത്തി, ജാതിമത വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെയും ഓണാഘോഷത്തിന്റെയും പ്രസക്തി ഒരിക്കലും നഷ്ടമാകില്ല.ഓണത്തെ വരവേൽക്കാൻ വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. വലിയ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും ഓണം ആഘോഷിക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ അതിജീവിക്കുവാനുള്ള കരുത്ത് കേരളത്തിനുണ്ട്. സാംസ്കാരികവും സർഗ്ഗാത്മകവുമായ ഉയർത്തെഴുന്നേൽപ്പാണ് ഓണാഘോഷം. പ്രളയം തകർത്ത കേരളത്തിൽ നവകേരള സൃഷ്ടിക്ക് തയ്യാറെടുക്കുന്ന മലയാളികൾക്ക് സാംസ്കാരികവും സർഗ്ഗാത്മകവുമായ ആവേശം നൽകാൻ ഓണാഘോഷങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഓണത്തിന്റെ സജീവതയ്ക്ക് ഒരു കുറവും സർക്കാർ വരുത്തില്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും കടന്ന് ചെല്ലാൻ കഴിയുന്ന വിധം ഓണവിപണി സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളിലും ഓണച്ചന്തകൾ ഒരുക്കിയിട്ടുണ്ട്. 50 ശതമാനം വരെ വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ഓണം ഫെയറുകളിൽ ലഭ്യമാകും. 15 ശതമാനം വരെ വിലക്കുറവിൽ ഇതര സാധനങ്ങൾ സിവിൽ സപ്ലെയ്സ് കോർപ്പറേഷൻ വഴി ലഭ്യമാക്കും. സർക്കാർ അധികാരത്തിലേറിയ കാലത്തെ അതേ വിലയ്ക്ക് വിവിധ സാധനങ്ങൾ സിവിൽ സപ്ലെയ്സ് കോർപ്പറേഷൻ വഴി വിതരണം ചെയ്യും.

പ്രളയ ദുരിതം നേരിട്ട് മാറ്റിതാമസിപ്പിക്കേണ്ടിവന്ന നാൽപ്പത്തിരണ്ടായിരത്തോളം പേർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് ലഭ്യമാക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പതിനായിരം രൂപ അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കും. സംസ്ഥാനത്തെ 5.83 ലക്ഷം എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു കിലോ പഞ്ചസാര, സ്കൂൾ കുട്ടികൾക്ക് അഞ്ച് കിലോ അരി എന്നിവ ലഭ്യമാക്കും. ആദിവാസി കുടുംബങ്ങൾക്ക് ആയിരം രൂപ വിലവരുന്ന ഓണക്കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. 60 വയസ്സ് തികഞ്ഞ ആദിവാസികൾക്ക് ഓണക്കോടി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് സാജന്യമായി നൽകും. മൂന്ന് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിക്കും. 53 ലക്ഷം പേർക്ക് ഇതിന്റെ ഗുണം ലഭിക്കും.അടഞ്ഞ് കിടക്കുന്ന വ്യവസായ ശാലകളിലെ തൊഴിലാളികൾക്കും സർക്കാർ ഓണ അലവൻസ് ലഭ്യമാക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് 2700 രൂപ ഫെസ്റ്റിവൽ അലവൻസ് അനുവദിക്കും. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാലിയേറ്റീവ് നേഴ്സുമാർ അടക്കം 42 വിഭാഗം ജീവനക്കാർക്കും ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. എല്ലാവർക്കും സമൃദ്ധമായ ഓണം മന്ത്രി ആശംസിച്ചു.

തൃപ്പൂണിത്തുറ എം.എൽ.എ എം. സ്വരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രിക ദേവി, എം. പി ഹൈബി ഈഡൻ, എം.എൽ.എ അനൂപ് ജേക്കബ്, നഗരസഭ വൈസ് ചെയർമാൻ ഒ.വി സലിം, കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, അത്താഘോഷ ജനറൽ കൺവീനർ വി.ആർ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

NO COMMENTS