സാനിയയും ബൊപ്പണ്ണയും സെമിയില്‍ കീഴടങ്ങി

201

റിയോ ഡി ജനീറോ: ഫൈനല്‍ മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ ജോഡിക്കു പിഴച്ചു. അമേരിക്കയുടെ വീനസ് വില്ല്യംസ്-രാജീവ് റാം സഖ്യത്തോടു സെമിയില്‍ പരാജയപ്പെട്ട സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.
ആദ്യ സെറ്റ് വിജയിച്ച ശേഷമായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. ആദ്യ സെറ്റ് 6-2ന് സ്വന്തമാക്കിയ ഇന്ത്യന്‍ ജോഡി പിന്നീട് നിറം മങ്ങി.
രണ്ടാം സെറ്റില്‍ തിരിച്ചു വന്ന അമേരിക്കന്‍ സഖ്യം 6-2ന് സെറ്റ് സ്വന്തമാക്കി. ഇതോടെ ടൈ ബ്രേക്കറിലേക്ക് മത്സരം നീളുകയായിരുന്നു. ടൈ ബ്രേക്കറിന്റെ തുടക്കത്തില്‍ 3-1ന് മുന്നിലായിരുന്ന ഇന്ത്യക്ക് പക്ഷേ മേധാവിത്വം നിലനിര്‍ത്താനായില്ല. വീനസിന്റെ പരിചയസമ്ബത്തിന് മുന്നില്‍ സാനിയയും ബൊപ്പണ്ണയും പതറി. തുടര്‍ച്ചയായ ഒമ്ബത് പോയിന്റുകള്‍ നേടി 10-3ന് ടൈബ്രേക്കര്‍ വിജയിച്ച്‌ അമേരിക്കന്‍ സഖ്യം ഫൈനലിലേക്കു മുന്നേറുകയായിരുന്നു.
സെമിയില്‍ തോറ്റതോടെ ഇനി വെങ്കല മെഡലിനായി ഇന്ത്യ മത്സരിക്കും. ഇന്ന് രാത്രി 8.30ന് നടക്കുന്ന മത്സരത്തില്‍ യു.എസ്.എ-ചെക്ക് റിപ്പബ്ലിക്ക് സെമിഫൈനല്‍ മത്സരത്തില്‍ തോല്‍ക്കുന്നവരായിരിക്കും ഇന്ത്യയുടെ എതിരാളികള്‍.