ഇന്ത്യയില്‍ സസ്യഗവേഷണത്തിന് പ്രമുഖ വിദേശ ശാസ്ത്രജ്ഞര്‍, രാജിവ് ഗാന്ധി സെന്ററുമായി സഹകരിക്കും

266

തിരുവനന്തപുരം : ഇന്ത്യയിലെ തദ്ദേശീയ സസ്യങ്ങളുടെ ജനികത സ്വഭാവങ്ങള്‍ കൂടുതല്‍ മനസിലാക്കാനും വിള ഉദ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രമുഖ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി (ആര്‍ജിസിബി) സഹകരിക്കാന്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ ശാസ്ത്രജ്ഞര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

യൂറോപ്യന്‍ മോളിക്യുലാര്‍ ബയോളജി ഓര്‍ഗനൈസേഷന്‍ (ഇഎംബിഒ) ആര്‍ജിസിബിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ചതുര്‍ദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സിനായി കാനഡ, ബെല്‍ജിയം, ജര്‍മ്മനി, ഇസ്രായേല്‍, സ്‌പെയിന്‍, ഓസ്‌ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നായി എത്തിയ മോളിക്യുലാര്‍ സസ്യ ജൈവശാസ്ത്രജ്ഞരാണ് അതിന് തയാറായത്. തങ്ങള്‍ നടത്തുന്ന പഠനങ്ങളിലൂടെ ലഭിക്കുന്ന കണ്ടെത്തലുകള്‍ പങ്കുവയ്ക്കാനും ഇവര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ കണ്ടുവരുന്ന സുഗന്ധ വ്യഞ്ജന സസ്യങ്ങളിലേക്ക് തന്റെ ഗവേഷണം വ്യാപിപ്പിക്കുന്നതിന് ജര്‍മ്മനിയിലെ മാക്‌സ് പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനും നാട്ടുവൈദ്യത്തില്‍ തല്പരനുമായ ഡോ. തകയുകി ടോഹ്‌ഗേ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വര്‍ഗസങ്കരം നടത്തുന്നതിനും രോഗപ്രതിരോധശേഷിയുള്ളതും സുസ്ഥിരതയുള്ളതുമായ വിളകള്‍ വികസിപ്പിക്കുന്നതിനും സഹായകരമാകുന്ന കോംപൗണ്ടുകള്‍ കണ്ടെത്തുന്നതിനായി തക്കാളി, ചോളം, ഉരുളക്കിഴങ്ങ്, ബീന്‍സ് തുടങ്ങിയ വിളകളില്‍ പരീക്ഷണപഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം പഠനങ്ങള്‍ ഇഞ്ചി, കുരുമുളക് തുടങ്ങിയ വിളകളിലേക്കും വ്യാപിപ്പിക്കാന്‍ താത്പര്യമുണ്ടെന്നും ഡോ. തകയുകി പറഞ്ഞു.

ആഗോള കാലാവസ്ഥാ വ്യതിയാനവും വിവിധ പൂപ്പല്‍ബാധകളും വാഴക്കൃഷിയെ പ്രതികൂലമായ ബാധിക്കുന്നതിനാല്‍ നാട്ടുവാഴകളെക്കുറിച്ചാണ് ഗവേഷകര്‍ പഠിക്കുന്നതെന്ന് മലേഷ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ ജെന്നിഫര്‍ ആന്‍ ഹരികൃഷ്ണ പറയുന്നു. മലേഷ്യയിലെപ്പോലെ ഇന്ത്യയിലും ഇത്തരം നിരവധി ഇനം വാഴകളുണ്ട്. വിളകളെ പൂപ്പലില്‍നിന്നും വൈറസ്ബാധയില്‍നിന്നും കൂടുതലായി എങ്ങനെ സംരക്ഷിക്കാം എന്നു മനസിലാക്കുന്നതിനായി ലോകമെമ്പാടുമുള്ള സസ്യശാസ്ത്രജ്ഞര്‍ തനിയെ വളര്‍ന്നുവരുന്ന ജനിതക ഇനങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ഇപ്പോഴത്തെ ഗവേഷണം ലവണ പ്രതിരോധശേഷിയുള്ള വാഴ വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചാണ്. തെങ്ങും കവുങ്ങും ഉപ്പുവെള്ളത്തില്‍ വളരുമെങ്കിലും വാഴയ്ക്ക് അതിനു ശേഷിയില്ല. ലവണ പ്രതിരോധ ശേഷിയുള്ള വാഴകള്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കാമെന്നാണ് ജന്നിഫര്‍ അറിയിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ സോയാ ബീന്‍ കൃഷിക്ക് നല്ല സാധ്യതയാണുള്ളതെന്ന് മിസൗറി സര്‍വകലാശാലയില്‍ പഠനം നടത്തുന്ന പ്രൊഫ. ബാബു വലിയോടന്‍ പറഞ്ഞു. പ്രോട്ടീന്‍ സമ്പുഷ്ടമായ സോയാബീന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും, പ്രമേഹം പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. സോയാബീന്‍ മണ്ണില്‍ നൈട്രജന്‍ ഉറപ്പിച്ചുനിര്‍ത്തുകവഴി നൈട്രജന്‍ വളങ്ങളുടെ ആവശ്യകത കുറയ്ക്കുന്നു. പരമാവധി വിളവ് ലഭിക്കുന്നതിനായി കൂടുതല്‍ ജനിതക ക്രമീകരണത്തിനുള്ള ഗവേഷണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ഇന്ത്യയിലെ വിവിധ ഇന്‍സ്റ്റിറ്റിയൂട്ടുകളുമായി സഹകരണത്തിന് ശ്രമിക്കുകയാണ് അദ്ദേഹം.

ആര്‍ജിസിബി നിലവില്‍തന്നെ വിവിധ ഇനം സസ്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തുകയാണെന്ന് ആര്‍ജിസിബി ശാസ്ത്രജ്ഞ ഇ.വി സോണിയ പറഞ്ഞു. നമ്മുടെ പരമ്പരാഗത സസ്യ ഇനങ്ങളായ ഇഞ്ചി, കുരുമുളക് മുതലായവയ്ക്ക് മൂല്യവര്‍ദ്ധന സൃഷ്ടിക്കുന്നതിനുള്ള അറിവ് നല്‍കാന്‍ കഴിയുന്ന വിദേശ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ ഒരുക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY