റീബിൽഡ് കേരള: 829 കോടിയുടെ ധനസഹായത്തിന് ജർമൻ ബാങ്കുമായി കരാറായി

37

റീബിൽഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ ക്ലൈമറ്റ് ലോൺ കേരള വഴി 828.9 കോടി (110 മില്യൺ യൂറോ) രൂപയുടെ ജർമൻ ബാങ്ക് വായ്പയ്ക്ക് കരാർ ഒപ്പിട്ടു. ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യൂ കൺട്രി ഡയറക്ടർ ഡോ. ക്രിസ്റ്റോഫ് കെസ്‌ലറും കേന്ദ്ര ധനമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോ. സി.എസ്. മൊഹാപാത്രയുമാണ് കരാറിൽ ഒപ്പിട്ടത്.

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനം മൂലമുള്ള മറ്റ് പ്രശ്‌നങ്ങളും അതിജീവിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള നയങ്ങളും പ്രവർത്തന പരിപാടികളും നടപ്പിലാക്കാൻ വായ്പ സഹായകമാകും. 828.9 കോടി രൂപയുടെ വായ്പയ്ക്ക് പുറമേ 17.13 കോടി രൂപ ഗ്രാന്റായും ലഭിക്കും.

കേരള പുനർനിർമാണ പദ്ധതികൾക്കായി ലോകബാങ്ക് 1779 കോടി രൂപയുടെ വികസന നയവായ്പ 2019 ആഗസ്റ്റിൽ നൽകിയിരുന്നു. വികസന നയവായ്പ പദ്ധതികൾക്കുള്ള പിന്തുണാ സഹായമായാണ് ഇപ്പോൾ ജർമൻ ബാങ്ക് ഈ വായ്പ മുഖേന നൽകുന്നത്.
നേരത്തെ. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ കെ.എഫ്.ഡബ്ല്യൂ സാമ്പത്തിക സഹായത്തിനായി സമർപ്പിച്ച പ്രാഥമിക പദ്ധതി രേഖ അംഗീകരിച്ചിരുന്നു.

2018 ലെ മഹാപ്രളയത്തിൽ നിന്നും സംസ്ഥാനത്തിന്റെ അതിജീവന ശേഷിയുള്ള പുനർനിർമ്മാണം, ഭാവിയിൽ പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള ദുരന്തഫലങ്ങൾക്കെതിരെയുള്ള സംസ്ഥാനത്തിന്റെ അതിജീവനശേഷി വർധിപ്പിക്കുക, കോവിഡ്-19 നെത്തുടർന്ന് സംസ്ഥാനം സ്വീകരിച്ച സാമ്പത്തിക ഇടപെടലുകൾക്ക് പിന്തുണ നൽകുക എന്നിവയാണ് കേരള ക്ലൈമറ്റ് റിസൈലൻസ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

നഗരാസൂത്രണം, ബഡ്ജറ്റിങ്, ജലവിതരണം, ശുചിത്വം, അതിജീവനക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ മികച്ചതും പ്രസക്തവുമായ രാജ്യാന്തര മാതൃകകൾ സംസ്ഥാനത്തു നടപ്പിലാക്കുന്നതിന് ഈ വായ്പാപദ്ധതി ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ ആവശ്യമായ സാങ്കേതിക സാഹയവും ജർമൻ ബാങ്ക് ലഭ്യമാക്കും.

വായ്പാകരാർ ഒപ്പിടുന്നതിനെത്തുടർന്ന്, സംസ്ഥാന സർക്കാരും എ.എഫ്.ഡബ്ല്യൂവും പദ്ധതി സംബന്ധിച്ച പ്രത്യേക കരാറിൽ ഏർപ്പെടും. സംസ്ഥാന സർക്കാരിനു വേണ്ടി ജർമൻ ബാങ്കുമായി ധനകാര്യ/റീബിൽഡ് കേരള അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ് പ്രത്യേക കരാർ ഒപ്പിടും.

നിലവിൽ കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ തകർന്ന പൊതുമരാമത്ത് റോഡുകൾ അതിജീവനക്ഷമമായ തരത്തിൽ പുനർനിർമിക്കുന്നതിനായി കെ.എഫ്.ഡബ്ല്യൂ ലഭ്യമാക്കുന്ന 170 മില്യൻ യൂറോ ധനസഹായത്തിനു പുറമെയാണ് ഈ ധനസഹായം.

NO COMMENTS