വനംമന്ത്രിയും എം.എല്‍.എ. എം. നൗഷാദും റേഷന്‍ സബ്സിഡി പട്ടികയില്‍

200

തിരുവനന്തപുരം : റേഷന്‍ പട്ടികയില്‍ ആനുകൂല്യം വാങ്ങുന്നവരുടെ പട്ടികയില്‍ മന്ത്രിയും എംഎല്‍എയും. വനംമന്ത്രി കെ. രാജുവിന് രണ്ടുകിലോ അരികിട്ടുന്നത് വെറും രണ്ടുരൂപയ്ക്ക്. ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ റേഷന്‍ പട്ടിയില്‍ മന്ത്രിയുള്ളത് സബ്സിഡിക്കര്‍ഹതയുള്ളവരുടെ പട്ടികയില്‍.നിയമസഭാംഗമെന്ന നിലയില്‍ മാസം 40,000 രൂപയോളം ശമ്ബളം വാങ്ങുന്നയാളാണ് കൊല്ലം ഇരവിപുരം എം.എല്‍.എ. എം. നൗഷാദ്. റേഷന്‍ പട്ടികയില്‍ എം.എല്‍.എ.യുള്ളത് അരി സൗജന്യമായി കിട്ടുന്ന മുന്‍ഗണനാ വിഭാഗത്തില്‍ (പഴയ ബി.പി.എല്‍.). മുന്‍ഗണനപ്പട്ടികയില്‍പ്പെട്ടവര്‍ക്കുള്ള പിങ്ക് കാര്‍ഡാണ് എം.എല്‍.എ.യുടെ കുടുംബത്തിനുള്ളത്. മന്ത്രി രാജുവിന്റെ ഭാര്യയാണ് കാര്‍ഡ് ഉടമ. ഇവര്‍ ജലസേചന വിഭാഗത്തില്‍നിന്ന് സൂപ്രണ്ടിങ് എന്‍ജീനിയറായി വിരമിച്ചതാണ്. കൂടാതെ മന്ത്രിക്ക് സ്ഥിരവരുമാനവും നാലുചക്രവാഹനവും ഉണ്ട്. എന്നിട്ടും മന്ത്രിയും കുടുംബവും ഇതില്‍ കടന്നുകൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.

സബ്സിഡി വിഭാഗത്തില്‍ ഉള്‍പ്പെട്ടകാര്യം അറിയില്ലായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ടു. ഇനം മാറ്റി മുന്‍ഗണനേതര കാര്‍ഡാക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. റേഷന്‍ വാങ്ങാത്തതിനാലാണ് ഇക്കാര്യം ഇതുവരെ ശ്രദ്ധിക്കാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, മന്ത്രിയുടെ അപേക്ഷ കിട്ടിയിട്ടില്ലെന്ന് താലൂക്ക് അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യവകുപ്പ് റേഷന്‍ മുന്‍ഗണനപ്പട്ടിക തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, സഹകരണ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. 1000 ചതുരശ്ര അടി വീട്, നാലുചക്രവാഹനം, ഒരു ഏക്കറിലധികം ഭൂമി എന്നിവ ഉള്ളവരെയും ഒഴിവാക്കിയിരുന്നു. ഇത്തരക്കാരെ സബ്സിഡിക്കര്‍ഹരായ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനിടയിലാണ് മന്ത്രിയും എം.എല്‍.എ.യും പട്ടികയില്‍ കയറിക്കൂടിയത്.