ബുലന്ദ്ഷെഹർ കൂട്ടബലാത്സംഗം; അന്വേഷണം സിബിഐക്ക് വിടാന്‍ കോടതി ഉത്തരവ്

244

ലഖ്‍നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ കൂട്ടബലാത്സംഗക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രധാന പ്രതിയടക്കം ആറുപേരെ പൊലീസ് നേരത്തെതന്നെ പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം 29നാണ് നാടിനെ നടുക്കിയ സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ യുപിയില ബുലന്ദ്ശേഹറിൽ വച്ച് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി അമ്മയേയും പ്രായപൂർത്തിയാകാത്ത മകളേയും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച്ചയാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ച കോടതി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ഉത്തരവിടുകയായിരുന്നു.
ഉത്തർപ്രദേശിൽ ഇത്തരം സംഭവങ്ങൾ ആവർത്തക്കാതിരിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്നും കോടതി ചോദിച്ചു. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ഗുരുതര വീഴ്ച്ചപറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പൊലീസ് അന്വേഷണത്തെ കോടതി തള്ളിപ്പറഞ്ഞതോടെ അഖിലേഷ് യാദവ് സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്. അതേസമയം കേസിൽ മുഖ്യപ്രതി സലീം ബാവരിയ അടക്കം ആറ് പ്രതികളെ യുപി പൊലീസ് പിടിയിട്ടുണ്ട്.