കേരള കോൺഗ്രസ് തീരുമാനം പുനഃപരിശോധിക്കുമെന്നാണു കരുതുന്നതെന്നും രമേശ് ചെന്നിത്തല

252

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിൽ കേരള കോൺഗ്രസ് (എം) – കോൺഗ്രസ് ധാരണ തുടരുമെന്ന് യുഡിഎഫ്. കേരള കോൺഗ്രസ് (എം) നേതാവു കെ.എം.മാണി യുഡിഎഫ് വിട്ടതിനുശേഷം ആദ്യമായി ചേർന്ന മുന്നണി യോഗത്തിനുശേഷം പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നണി ഒരുമിച്ചാണ് മൽസരിച്ചത്. യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോൺഗ്രസ് ഒറ്റയ്ക്കെടുത്തതാണ്. തദ്ദേശ സ്ഥാപനങ്ങളിലുള്ള ഐക്യം തുടരണമെന്നാണു യുഡിഎഫ് തീരുമാനം. തൽസ്ഥിതി കേരള കോൺഗ്രസിന് തുടരാനാണ് ആഗ്രമെങ്കിൽ യുഡിഎഫിന് എതിർക്കേണ്ടതില്ലെന്നും ചെന്നിത്തല പറ‍ഞ്ഞു.

തീരുമാനം കേരള കോൺഗ്രസ് പുനഃപരിശോധിക്കുമെന്നാണു കരുതുന്നതെന്നും രമേശ് ചെന്നിത്തല പ്രത്യാശിച്ചു. മുന്നണിയിൽനിന്നു കേരള കോൺഗ്രസ് പോകണമെന്ന നിലപാടു യുഡിഎഫ് ഒരുഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. മുന്നണിയിൽ എല്ലാ കക്ഷികൾക്കും തുല്യപ്രാധാന്യമാണു കോൺഗ്രസ് നൽകിയത്. വല്യേട്ടൻ മനോഭാവം കോൺഗ്രസ് കാണിച്ചിട്ടില്ല. കോൺഗ്രസ് പാർട്ടി ഏകപക്ഷീയമായി ഒരു കാര്യവും ഘടകക്ഷികളുടെ മേൽ അടിച്ചേൽപ്പിച്ചിട്ടില്ല. മാണിയുമായി ചർച്ച ചെയ്യാൻ കുഞ്ഞാലിക്കുട്ടിെയ ചുമതലപ്പെടുത്തിയെങ്കിലും ഫലപ്രദമായ ചർച്ച നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ഇന്നത്തെ യുഡിഎഫ് ചർച്ചചെയ്യുകയുണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എല്ലാ ഘടകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു.

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടാത്ത സർക്കാർ നയത്തെയും ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. സുതാര്യത ഉറപ്പുവരുത്തുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാരാണിത്. മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്സൈറ്റിൽ ഇടണമെന്നതു ലംഘിച്ചിരിക്കുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നു പ്രവർത്തനം ഉണ്ടാകുന്നില്ല. നന്മ സ്റ്റോറുകൾ പൂട്ടാനുള്ള തീരുമാനം മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.