നടി അക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇടപെട്ടത് നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് രമേശ് ചെന്നിത്തല

273

തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രി ഇടപെട്ടത് നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷണം നടക്കുമ്ബോള്‍ തന്നെ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വരികയായിരുന്നു. ഇതോടെ കേസിന് പുതിയ മാനം കൈവന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭ ബഹിഷ്കരിച്ച്‌ പുറത്തെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്ത്രീസുരക്ഷ ഉറപ്പുനല്‍കിയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളും ചൂഷണങ്ങളും ഏറുകയാണ്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ തന്നെ അവതാളത്തിലായി.ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇക്കാര്യം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ നിസാരമായാണ് മുഖ്യമന്ത്രി കണ്ടതെന്നും ചെന്നിത്തല ആരോപിച്ചു. കൊച്ചിയിലെ സംഭവവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് പോലും അനുമതി നല്‍കിയില്ല. സ്ത്രീ സുരക്ഷയെ സംബന്ധിച്ച്‌ ചോദ്യോത്തരവേള നിര്‍ത്തിവെച്ച്‌ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. ഇത് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിയമസഭയില്‍ ബഹിഷ്കരണ സമരം നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY