നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായി മാറുകയാണെന്ന് രമേശ് ചെന്നിത്തല

182

തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണമായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ ഉപപ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേലിന്റെ 66ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ അരക്ഷിതാവസ്ഥക്ക് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയുമാണ്. ദുരക്കാഴ്ച്ചയില്ലാത്ത തീരുമാനമാണ്. പ്രധാനമന്ത്രി സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചപ്പോള്‍ നിരവധി തവണ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. എന്നാല്‍ അന്നൊന്നും ഇത്ര പ്രതിസന്ധി ഉണ്ടായിട്ടില്ല. ദേശീയ താല്‍പര്യം സംരക്ഷിച്ചാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിരുന്നത്. സര്‍ദാര്‍ വല്ലഭഭായി പട്ടേലും അത്തരമൊരു സമീപനമാണ് സ്വീകരിച്ചത്. ഒരു ആഭ്യന്തരമന്ത്രി എങ്ങനെ രാജ്യം ഭരിക്കണമെന്ന് അദ്ദേഹം ലോകാത്തിനും രാജ്യത്തിനും കാട്ടിക്കൊടുത്തു. 565ാളം നാട്ടു രാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിന് കഴിഞ്ഞു. ആര്‍.എസ്.എസിനെ ഏറ്റവും അധികം എതിര്‍ത്ത വ്യക്തിയായിരുന്നു സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ ഗാന്ധിജിയുടെ വധത്തെ തുടര്‍ന്ന് ആര്‍.എസ്.എസിനെ അദ്ദേഹം നിരോധിച്ചു. ആര്‍.എസ്.എസ് നേതാക്കള്‍ വിഷം ചീറ്റുന്നവരാണെന്നും രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും നിലനില്‍പ്പിന് ആര്‍.എസ്.എസ് ഭിഷണിയാണെന്നുമാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞു. ഗാന്ധിജി നെഹ്‌റു. അബ്ദുള്‍ കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം തികഞ്ഞ ദേശീയ വാദിയായിരുന്നു സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേല്‍ എന്നാല്‍ ഈ ദേശീയതയുടെ പൈതൃകം തട്ടിയെടുക്കാനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ദേശീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ അവര്‍ക്കില്ലാത്തതിനാല്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ മേല്‍വിലാസം അവകാശപ്പെടാന്‍ ബോധപൂര്‍വ്വമായ നീക്കമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇത് ചരിത്രത്തോടുള്ള നീതീകേടും അനീതിയുമാണ് നെഹ്‌റുവിന്റെയും ഗാന്ധിയുടെയും സംഭാവനകളെ ബോധപൂര്‍വ്വം തമസ്‌ക്കരിക്കാനും ഇകഴ്ത്തിക്കാട്ടാനുമാണ് സംഘപരിവാറിന്റെ ശ്രമം. നെഹ്‌റുവിന്റയും ഗാന്ധിജിയുടെയും പട്ടേലിന്റെയും ദേശീയ പാരമ്പര്യത്തെ തമസ്‌ക്കരിക്കാനുള്ള നരേന്ദ്രമോദിയുടെയും ആര്‍.എസ്.എസിന്റെയും ഗൂഢാലോചനക്ക് എതിരെ ജാഗ്രത കാട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ നടന്ന ദിനാചരണത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ തെന്നല ബാലകൃഷ്ണപിള്ള അധ്യക്ഷ വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍, കെ.പി.സി.സി സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, മണക്കാട് സുരേഷ്, ഔദ്യോഗിക വക്താക്കളായ ജോസഫ് വാഴ്ക്കന്‍ പന്തളം സുധാകരന്‍, നിയുക്ത ഡി.സി.സി പ്രസിഡന്റ നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY