സാമ്പത്തിക ഫാസിസമാണ് നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നത് : രമേശ് ചെന്നിത്തല

184

തിരുവനന്തപുരം: സാമ്പത്തിക ഫാസിസമാണ് നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. റിയല്‍ എസ്റ്റേറ്റിലും വിദേശ ബാങ്കുകളിലും പണമായും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം എങ്ങനെയാണ് നോട്ട് നിരോധനത്തിലൂടെ തിരികെ കൊണ്ടുവരാന്‍ സാധിക്കുകയെന്നു അദ്ദേഹം ആരാഞ്ഞു. രാഷ്ട്രീയം മാറ്റി വച്ചാകണം വിഷയത്തെ സമീപിക്കേണ്ടതെന്ന്, നിയമസഭയിലെ ഏക ബി ജെ പി അംഗമായ ഒ രാജഗോപാലിനെ ലക്ഷ്യമാക്കി ചെന്നിത്തല പറഞ്ഞു. സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെങ്കില്‍ അതു കണ്ടുപിടിക്കാന്‍ പല മാര്‍ഗങ്ങലുമുണ്ട്. അവ ഉപയോഗിക്കുകയാണ് വേണ്ടത്. സഹകരണ സംഘങ്ങള്‍ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളാണെന്ന പ്രചരണം സംസ്ഥാനത്തിനു തന്നെ ദുഷ്പേരാണ്. അടിസ്ഥാനപരമായി യാതൊരു മാറ്റത്തിനും നോട്ട് നിരോധനം സഹായിക്കില്ല. ഒരു പ്രധാനമന്ത്രി ഇത്രമാത്രം യുക്തി രഹിതമായി പെരുമാറരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.പുര കത്തുന്ന സമയം നോക്കി വാഴ വെട്ടുന്നതു പോലെയാണ് സഹകരണമേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

NO COMMENTS

LEAVE A REPLY