സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച്‌ ചര്‍ച്ചയ്ക്കു തയാറാകണം : രമേശ് ചെന്നിത്തല

147

തിരുവനന്തപുരം• സ്വാശ്രയ ഫീസ് വര്‍ധനയിലും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവരുന്ന നിരാഹാര സമരം തുടരുന്നു. നിയമസഭാ കവാടത്തിനു മുന്നിലാണ് എംഎല്‍എമാര്‍ സമരം നടത്തുന്നത്. ഇവര്‍ക്കു പിന്തുണയുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന ധര്‍ണയും തുടരുകയാണ്.
സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ചര്‍ച്ചയ്ക്കു തയാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും എംഎല്‍എമാരെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന പ്രസ്ഥാനത്തോടും സമരം ചെയ്യുന്ന ജനപ്രതിനിധികളോടും ഈ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.സര്‍ക്കാര്‍ ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെങ്കില്‍ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയെന്നതു മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, നിലവിലുള്ളത് മികച്ച സ്വാശ്രയ കരാറാണെന്ന് ആര്യോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രതിപക്ഷ സമരം എന്തിനാണെന്ന് മനസിലാകുന്നില്ല. ഏതെല്ലാം നേതാക്കളുടെ മക്കളാണ് സ്വാശ്രയത്തില്‍ പഠിക്കുന്നതെന്നു ജനത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു.