ബി.ജെ.പി ഗുണ്ടാപ്പിരിവും തുടങ്ങിയെന്ന് രമേശ് ചെന്നിത്തല

201

തിരുവനന്തപുരം: അഴിമതിക്കും കള്ളനോട്ടടിക്കും പിന്നാലെ ബിജെപി ഗുണ്ടാപ്പിരിവും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടായിസത്തിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തി ബി.ജെ.പി വ്യാപകമായി പണപ്പിരിവ് നടത്തുകയാണെന്നതിന്റെ തെളിവാണ് ചവറയില്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജിന്റെ പേരില്‍ കോഴ വാങ്ങല്‍, ഹവാല ഇടപാട്, ഭീഷണി, ജോലി തട്ടിപ്പ്, കള്ളനോട്ടടി എന്നിവയാണ് ബി.ജെ.പിയുടെ പേരിലുള്ള ആരോപണങ്ങള്‍. അതിനൊപ്പം ഗുണ്ടാപ്പിരിവെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നു. ബി.ജെ.പി നാടിന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ദേശീയശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഇക്കാര്യം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. ചവറ സ്റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ സംഭാവന ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ സുഭാഷ് ആവശ്യപ്പെടുകയും, എന്നാല്‍ 3000 രൂപയേ വ്യാപാരിയായ മനോജ് നല്‍കിയുള്ളൂ. തുടര്‍ന്ന് മനോജിനെ ഫോണില്‍ വിളിച്ച്‌ സുഭാഷ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.