പുതുവൈപ്പിനിലെ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാനാകാത്തതും : രമേശ് ചെന്നിത്തല

232

തിരുവനന്തപുരം: പുതുവൈപ്പിനിൽ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയ നാട്ടുകാർക്കെതിരെ നടത്തിയ ക്രൂരമായ ലാത്തിച്ചാർജ് പ്രാകൃതവും നീതീകരിക്കാൻ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർക്കെതിരെ നിഷ്ഠൂരമായ ബലപ്രയോഗമാണ് നടന്നത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് സർക്കാർ ഓർക്കണം. വർദ്ധിച്ചു വരുന്ന പനി മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ താൻ കണ്ടപ്പോൾ പുതുവൈപ്പിൻ പ്രശ്നവും ചർച്ച ചെയ്തിരുന്നു. അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റാൻ അവരുമായി ചർച്ച നടത്തണമെന്നും സർവ്വ കക്ഷി യോഗം വിളിക്കണമെന്നും ബലപ്രയോഗം നടത്തരുതെന്നും താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാർജ് അനാവശ്യമായിരുന്നെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ വീണ്ടും ലാത്തിച്ചാർജുണ്ടായി. ഇത് ഒരു തരത്തിലും നീതീകരിക്കാൻ കഴിയുന്നതല്ല. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടി വേണം. സമാധാനപരമായ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.