കശ്മീര്‍ പ്രശ്നം കേന്ദ്രസര്‍ക്കാര്‍ എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് രാജ്നാഥ് സിങ്

140

പെല്ലിങ്: കശ്മീര്‍ പ്രശ്നം കേന്ദ്രസര്‍ക്കാര്‍ എന്നെന്നേക്കുമായി പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീരില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുമെന്ന് പറഞ്ഞെങ്കിലും ഏതുവിധമുള്ള പരിഹാരമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സിക്കിമില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് രാജ്നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരും അവിടുത്തെ ജനങ്ങളും സംസ്കാരവുമെല്ലാം നമ്മുടേതാണെന്നും അദ്ദേഹം പറഞ്ഞു. 2014-ല്‍ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ ഇന്ത്യ ക്ഷണിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ എല്ലാ രാജ്യങ്ങളോടും സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് വെളിവാക്കാനാണ് അങ്ങനെ ചെയ്തത്.
എന്നാല്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്ന നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ മാറിയിട്ടില്ല. പാകിസ്ഥാന് മാറ്റമുണ്ടാകും എന്ന് നമ്മള്‍ പ്രതീക്ഷിച്ചു. അവര്‍ സ്വയം മാറിയില്ലെങ്കില്‍ അവരെ നമുക്ക് മാറ്റിയെടുക്കേണ്ടതായുണ്ട്. ആഗോളവത്കരണത്തിന്റെ കാലത്ത് ഒരുരാജ്യം എതെങ്കിലുമൊരു രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നത് ആഗോള സമുഹം ഒരിക്കലും മറക്കില്ല – അദ്ദേഹം പറഞ്ഞു.
ഇന്ത്യ -ചൈന അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിനായി മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്നാഥ്സിങ് സിക്കിമിലെത്തിയത്. ഇന്ത്യ- ചൈന, ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ചില സൈനിക പോസ്റ്റുകളും മന്ത്രി സന്ദര്‍ശിച്ചേക്കുമെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY