സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍

309

പാലക്കാട്: സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ മുന്നറിയിപ്പ്. അന്തരീക്ഷത്തില്‍ ജലാംശം കുറഞ്ഞതായും കാലവസ്ഥാ വിദ്ഗധര്‍ പറയുന്നു. കാറ്റിന്റെ ഗതി മാറ്റമാണ് മഴക്കുറവിന് പ്രധാന കാരണം. സംസ്ഥാനത്ത് ഇടവപ്പാതി മുതല്‍ ( ജൂണ്‍ ഒന്ന്) പുണര്‍തം ഞാറ്റുവേല പകുതി വരെയെങ്കിലും (ജൂലൈ പകുതി) കനത്ത മഴ ലഭിക്കുന്നതായിരുന്നു രീതി. ഇതില്‍ ഇത്തവണ കുറവ് വരും. മുംബൈ തീരത്തുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചത്. ഇത്തവണ സാധാരണ പോലെ മഴ ലഭിക്കുമെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും മഴ കുറഞ്ഞേക്കുമെന്ന് വിരമിച്ച കാലവസ്ഥാ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ സ്കൈമറ്റ് നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം ആദ്യം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴമേഘങ്ങള്‍ ചിതറുകയും കാറ്റ് ദിശ തെറ്റി വീശുകയും ചെയ്തു. പിന്നീട് ഒഡീഷ്യയിലുണ്ടായ ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാറ്റ് വഴി മാറി രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി കനത്ത മഴലഭിച്ചു. സാധാരണ ജൂലൈ അവസാനമാണ് ഇവിടങ്ങളില്‍ മഴ പെയ്യാറുള്ളത്. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലാണ് ഇത് വരെ കുടൂതല്‍ മഴ ലഭിച്ചത്. പ്രാദേശിക മഴയാണ് കൂടുതല്‍. വയനാട്ടിലും പാലക്കാട്ടുമാണ് മഴയുടെ അളവ് തീരെ കുറവ്. മേഘം കനത്തുറഞ്ഞ് മഴ പെയ്യാനുള്ള സാഹചര്യം നിലവില്ല.