രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും.

114

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ ക്ഷണം സ്വീകരിച്ച്‌ പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശനം നടത്തുന്നത്. കശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതിന് ശേഷം ആദ്യമായാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ഡി.രാജ, സീതാറാം യെച്ചൂരി, മനോജ് ഝാ തുടങ്ങിയവരാണ് രാഹുലിനൊപ്പമുള്ള സംഘത്തിലുള്ളത്. സംഘം കശ്മീരിലെ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ക്ക് സുതാര്യമായ രീതിയില്‍ പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന്രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ താഴ്‌വാരം സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധിക്കായി പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.ഇവിടം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുമ്ബോള്‍, തന്റെ പാര്‍ട്ടി നേതാക്കള്‍ പാര്‍ലമെന്റിലിരുന്ന് എത്ര വലിയ വിഢിത്തമാണ് വിളമ്ബുന്നതെന്നോര്‍ത്ത് രാഹുല്‍ഗാന്ധിക്ക്ലജ്ജ തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്ക നീക്കുന്നതിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ അനുമതി തേടിയിരുന്നു. തുടര്‍ന്നാണ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രാഹുല്‍ഗാന്ധിയെ കശ്മീര്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചിരിക്കുന്നത്.

NO COMMENTS