കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി.

153

പനാജി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മത്സ്യത്തൊഴിലാളുകളുടെ ക്ഷേമത്തിനും വേണ്ടി മാത്രം പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി ദേശീയ മത്സ്യത്തൊഴിലാളി ഫോറം വൈസ് പ്രസിഡന്റ് ഒലന്‍സിയോ സൈമോസ് പറഞ്ഞു. പ്രത്യേക മന്ത്രാലയത്തിന് വേണ്ടിയുള്ള ആവശ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ചേര്‍ക്കുമെന്ന് രാഹുല്‍ അറിയിച്ചതായും സൈമോസ് കൂട്ടിച്ചേര്‍ത്തു. ഗോവയിലെ പനാജിയില്‍ മത്സ്യത്തൊഴിലാളികളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ വാഗ്ദാനം.വെള്ളിയാഴ്ച ഗോവയിലെത്തിയ രാഹുല്‍ ഗാന്ധി കോസ്റ്റല്‍ റഗുലേഷന്‍ സോണിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന പരിസ്ഥിതി സംരക്ഷകരുടെയും, ഖനന മേഖലയിലെയും മത്സ്യബന്ധന മേഖലയിലെയും തൊഴിലാളികളുടെയും വാസ്‌കോ ടൗണിലെ കല്‍ക്കരി ഖനനത്തിനെതിരെ സമരം നടത്തുന്ന പ്രദേശവാസികളുടെയും സാന്നിദ്ധ്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തി.നിലവില്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലെ ഉപവകുപ്പായിട്ടാണ് ഫിഷറീസ് വകുപ്പ് വരുന്നത്. മത്സ്യബന്ധന മേഖലയ്ക്ക് ഉപദ്രവകരമാകുന്ന തരത്തില്‍ സിആര്‍സെഡ് 2019 ആക്ടില്‍ വരുത്തിയ മാറ്റങ്ങള്‍ റദ്ദാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മോര്‍മുഗാവോ തുറമുഖത്ത് കല്‍ക്കരി ഖനനം നടത്തുന്ന പ്രതിനിധികളെയും ഖനനത്തെ തുടര്‍ന്നുള്ള മലിനീകരണം കൊണ്ട് ബുദ്ധിമുട്ടുന്നവരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.

NO COMMENTS