ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ആര്‍. റാവു അന്തരിച്ചു

272

ബെംഗളൂരു: ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഉടുപ്പി രാമചന്ദ്ര റാവു(85) അന്തരിച്ചു. പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. 1984 മുതല്‍ 94 വരെ 10 വര്‍ഷക്കാലം ഐഎസ്‌ആര്‍ഒ ചെയര്‍മാനായിരുന്നു അദ്ദേഹം. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിര്‍ണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ചാന്‍സലറായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കര്‍ണാടകത്തിലെ അദമരുവില്‍ ജനിച്ച റാവു എംജികെ മേനോന്‍, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നിവരോടൊപ്പം ഇന്ത്യയുടെ നിരവധി ബഹിരാകാശ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ അഭിമാനമായ വിക്ഷേപണ വാഹനം പിഎസ്‌എല്‍വിയുടെ വികസനത്തിലും നിര്‍ണായക പങ്കുവഹിച്ചത് യു.ആര്‍ റാവുവായിരുന്നു. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ജിഎസ്‌എല്‍വി റോക്കറ്റിന്റെ ആശയത്തിന് തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു.
ഇന്ത്യയില്‍ വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇന്‍സാറ്റ് ഉപഹ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് അദ്ദേഹം ഐഎസ്‌ആര്‍യുടെ തലപ്പത്തിരിക്കവെയാണ്. ആന്‍ട്രിക്സ് കോര്‍പറേഷന്റെ ആദ്യ ചെയര്‍മാനുമായിരുന്നു.

NO COMMENTS