റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും

188

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. സാമ്പത്തിക വളര്‍ച്ച ശക്തമാക്കാന്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് വായ്പാനയ പ്രഖ്യാപനം. പലിശ നിരക്കില്‍ ആര്‍.ബി.ഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് അര ശതമാനം കുറച്ചിരുന്നു. ഇത് ആര്‍ബിഐ പ്രഖ്യാപനം മുന്‍കൂട്ടി കണ്ടാണെന്നാണ് വിലയിരുത്തല്‍. ഉച്ചക്ക് രണ്ടരക്കാണ് പ്രഖ്യാപനം. കേന്ദ്രസര്‍ക്കാരിന്റെ നോട്ടസാധുവാക്കലിന് ശേഷം താഴേക്ക് പോയ രാജ്യത്തെ സാമ്പത്തിക സ്ഥിതി പഴയ വളര്‍ച്ചതോത് കൈവരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കാല്‍ ശതമാനം ഇളവെങ്കിലുമാണ് പലിശ നിരക്കില്‍ വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞില്ലെന്ന വാദം ഉന്നയിച്ച് കഴിഞ്ഞ നാല് തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയ്യാറായിരുന്നില്ല.

എന്നാല്‍ പണപ്പെരുപ്പ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയത് പരിഗണിച്ച് ഇത്തവണ പലിശ കുറയ്ക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. രാജ്യത്ത് മികച്ച കാലവര്‍ഷം ലഭിക്കുന്നതും പ്രതീക്ഷയുണര്‍ത്തുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്.
ധനനയസമിതിയില്‍ പലിശ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചേക്കും. പലിശ കുറക്കാത്തതില്‍ കേന്ദ്രം കഴിഞ്ഞ തവണ നീരസം പ്രകടിപ്പിച്ചിരുന്നു. ഓഹരി വിപണികളും നേട്ടത്തിലാണ്.