കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലൻസ് ത്വരിത അന്വേഷണം തുടങ്ങി

155

തിരുവനന്തപുരം: മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലൻസ് ത്വരിത അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാണിച്ചതിനേക്കാൾ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. പരിശോധന തുടരുകയാണെന്നും, പരാതിക്കാരനോട് കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് സംഘം കോടതിയെ അറിയിച്ചു.കേസ് വീണ്ടും ഈ മാസം 31 ന് കോഴിക്കോട് വിജിലൻസ് കോടതി പരിഗണിക്കും.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാണിച്ചതിനേക്കാൾ സ്വത്ത് മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമ്പാദിച്ചുവെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് രണ്ട് പരാതികളാണ് വിജിലൻസ് ഡയറക്ടർക്ക് പൊതുപ്രവർത്തകനായ എ കെ ഷാജി സമർപ്പിച്ചിരുന്നത്. വൻതോതിൽ പി.കെ കുഞ്ഞാലിക്കുട്ടി സ്വത്ത് സമ്പാദിച്ചുവെന്നും വരുമാനത്തേക്കാൾ സമ്പാദ്യം ഉണ്ടാക്കിയെന്നും കാട്ടി കോഴിക്കോട് വിജിലൻസ് കോടതിയിലും പരാതികാരൻ ഹർജി നൽകി.
കേസ് പരിഗണിച്ചപ്പോൾ എന്താണ് പരാതിയിന്മേൽ സ്വീകരിച്ച നടപടിയെന്ന് കോടതി അന്വേഷണ സംഘത്തോട് ആരാഞ്ഞു. ത്വരിത പരിശോധന നടത്തി വരികയാണെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. പരാതിക്കാരനോട് കൂടുതൽ തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎസ്‍പി അശ്വകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസ് വീണ്ടും ഈ മാസം 31 ന് കോഴിക്കോട് വിജിലൻസ് കോടതി പരിഗണിക്കും. വിജലൻസ് ഡയറക്ടർക്ക് നൽകിയ പരാതികളിലൊന്നിൽ ഇതിനോടകം മലപ്പുറം ഡി.വൈ.എസ്.പി അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തി തള്ളിയിരുന്നു.