നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ കെട്ടുകഥ അല്ലെന്ന് പള്‍സര്‍ സുനി

208

പാലക്കാട്: നടിയെ ആക്രചിച്ച കേസിന് പിന്നില്‍ ഒരു മാഡം ഉണ്ടെന്നും അക്കാര്യം കെട്ടുകഥ അല്ലെന്നും മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം ആരെന്ന് ഈ മാസം 16നുള്ളില്‍ വിഐപി വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി പറഞ്ഞു. സിനിമാ രംഗത്ത് നിന്ന് ഉള്ള ആള്‍ തന്നെയാണ് മാഡമെന്നും സുനി വ്യക്തമാക്കി. ബെെക്ക് മോഷണ കേസില്‍ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുനില്‍കുമാര്‍. നടിയെ ആക്രമിച്ച കേസിന്റെ തുടക്കം തൊട്ട് തന്നെ ഇതിന് പിന്നില്‍ ഒരു മാഡം ഉണ്ടെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ആ മാഡം ആരെന്ന ചോദ്യം പലവട്ടം ഉയര്‍ന്നുവെങ്കിലും സുനി പറഞ്ഞിരുന്നില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, ഗായിക റിമി ടോമി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അക്കാര്യം സുനി സ്ഥിരീകരിക്കാന്‍ തയ്യാറായിരുന്നില്ല. അന്വേഷണം വഴിതിരിച്ചുവിടാന്‍ സുനിയുടെ തന്ത്രമാണ് മാഡം കഥ എന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാല്‍ ഇക്കാര്യം സത്യമാണെന്ന് സുനി ആവര്‍ത്തിക്കുന്നതാണ് ഇന്ന് കണ്ടത്.