പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

213

കൊച്ചി: നടിയെ കാറിലിട്ട് ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ശാസ്ത്രീയ ചോദ്യം ചെയ്യലിന് പോലീസ് ശ്രമം. രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയാണ് ചോദ്യം ചെയ്യല്‍. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെ കേസിലെ ഗൂഢാലോചന വ്യക്തമാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണു പൊലീസിന്റെ ലക്ഷ്യം. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ആദ്യ ദിവസങ്ങളിലെല്ലാം പ്രതിയെ ചോദ്യംചെയ്തത് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലും രാത്രി പാര്‍പ്പിച്ച തൃക്കാക്കര സ്റ്റേഷനിലുമായിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ തന്നെ സുനിലിനെ ഇവിടെ നിന്നു മാറ്റി. ജയിലിലെ ഫോണ്‍ ഉപയോഗം സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനാണു സുനിലിനെ കസ്റ്റഡിയില്‍ വാങ്ങിയതെങ്കിലും നടിയെ ഉപദ്രവിച്ചതിനു പിന്നിലെ ഗൂഢാലോചനയുടെ ചുരുള്‍ അഴിക്കാനാണു പൊലീസ് മുഖ്യമായും ശ്രമിക്കുന്നത്. നേരത്തേ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ നടന്‍ ദിലീപിനെതിരെ മൊഴി നല്‍കിയെങ്കിലും കസ്റ്റഡി ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെ ഉരുണ്ടു കളിക്കുന്ന സമീപനമാണു സുനിലിന്റേതെന്നാണു പുറത്തു വരുന്ന വിവരം. ഈ സാഹചര്യത്തിലാണു ശാസ്ത്രീയമായ ചോദ്യം ചെയ്യലിനു ശ്രമിക്കുന്നത്. കേസില്‍ ഗൂഢാലോചന സംബന്ധിച്ചു ചുരുളഴിയാത്ത ചോദ്യങ്ങള്‍ ഇനിയുമേറെയാണ്.