കുട്ടികളടക്കം ആളുകളെ കൊല്ലുന്നതിൽ സന്തോഷം കണ്ടെത്തുന്ന സൈക്കോ കില്ലർ പോലീസ് പിടിയിൽ.

0
70

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എട്ടായിലെ ധര്‍മപുര്‍സ്വദേശിയായ രോധേ ശ്യാം എന്ന സൈക്കോ കില്ലര്‍ ആണ് പോലീസ് പിടിയിലായത്. ഇയാൾ രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്ന് പേരെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു . കഴിഞ്ഞ വ്യാഴാഴ്ച രാത്രി സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതി നിടയിലാണ് ബന്ധുക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

ശ്യാം പിടിയിലായതോടെ ഫെബ്രുവരിയില്‍ നടന്ന രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞു. ശ്യാമിന്റെ മൂത്ത സഹോദരന്റെ മകനായ സത്യേന്ദ്രയാണ് ഫെബ്രുവരി നാലിന് കൊല്ലപ്പെട്ടത്.ശ്യാമിന്റെ ബന്ധുവിന്റെ മകനായ പ്രശാന്തിനെ ജൂണ്‍ ഒമ്ബതിനും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളിലായി ആറ് പേര്‍ ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഈ കേസിലെ പ്രതികള്‍ നിലവില്‍ ജയിലിലാണ്. എന്നാല്‍ പിടിയിലായ ശ്യാം കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതോടെ നേരത്തെ അറസ്റ്റിലായവര്‍ക്കെതിരെയുളള എഫ്.ഐ.ആര്‍ റദ്ദാക്കുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഉടന്‍ ജയില്‍മോചിതരാകും. പിടിയിലായ ശ്യാമിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സഹോദരനായ വിശ്വനാഥ് സിങ്ങിനെ ഉറങ്ങുന്നതിനിടെയാണ് ശ്യാം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.എന്നാല്‍ ബന്ധുക്കള്‍ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ആളുകളെ കൊല്ലുന്നത് തനിക്ക് ഇഷ്ടമാണെന്നും പ്രതി പോലീസിനോട് പറഞ്ഞു.

അതേസമയം പ്രതിയുടെ മൊഴികേട്ട് അമ്പരന്ന് പോയെന്നാണ് പോലീസിന്റെ പ്രതികരണം. ഇനി മൂന്ന് പേരെ കൂടി കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നു . ആളുകളെ കൊല്ലുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് ശ്യാമെന്നാണ് എട്ടാ പോലീസ് പറയുന്നു.