ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ കേരളത്തില്‍ ഒരു കേസെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട‌് – മുഖ്യമന്ത്രി പിണറായി വിജയൻ

169

തിരുവനന്തപുരം : ദൈവനാമം ഉച്ചരിച്ചതിന്റെപേരില്‍ കേരളത്തില്‍ എടുത്ത ഒരുകേസെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട‌് മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. പ്രധാനമന്ത്രിപദത്തിന‌് നിരക്കാത്ത അസത്യപ്രചാരണമാണ് മോഡിയില്‍നിന്നുണ്ടായത്. ലാവ‌്‌ലിന്‍ കേസില്‍ തന്നെ കോടതി കുറ്റവിമുക്തനാക്കിയതാണ‌്. എന്നാല്‍, റഫേല്‍ കേസില്‍ മോഡി ഇപ്പോഴും പ്രതിസ്ഥാനത്താണ‌്. കോടതി കുറ്റവിമുക്തനാക്കിയ ആളിനെതിരെ ആക്ഷേപം ഉയര്‍ത്തുന്നത‌് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ‌്, മുഖ്യമന്ത്രി പ്രസ‌്താവയില്‍ വ്യക്തമാക്കി. മോഡി കേരളത്തെക്കുറിച്ച‌് ബിജെപിയുടെ തെരഞ്ഞെടുപ്പ‌് യോഗത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക‌് മുഖ്യമന്ത്രി അക്കമിട്ട‌് മറുപടി നല്‍കി.

ശബരിമലയില്‍ അക്രമം നടത്തിയതിനാണ് കേസെടുത്തത‌്. മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്ക‌് സംരക്ഷണം നല്‍കുന്ന രീതി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ട്. അത് കേരളത്തില്‍ നടപ്പില്ല. ശബരിമല സന്നിധാനത്തുപോലും കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടന്നു. പൊലീസ് സംയമനം പുലര്‍ത്തിയതിനാല്‍ പ്രശ്നങ്ങളുണ്ടായില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘപരിവാറാണ‌്.

കേരളത്തില്‍ പൂജാകര്‍മങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ‌് പ്രധാനമന്ത്രിയുടെ മറ്റൊരു ആരോപണം. എല്ലാ ആചാരവിശ്വാസങ്ങളും നടത്താന്‍ ഇവിടെ കഴിയുന്നുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാരാറാണ‌്. അത്തരം ശ്രമം വിജയിക്കാത്തതിനാലാകാം ബിജെപിക്ക് അസ്വസ്ഥത. സുപ്രീംകോടതിയുടെ വിധി നിയമംതന്നെയാണ്. അത് നടപ്പാക്കിയതിനെ എതിര്‍ക്കുന്നവര്‍ ഭരണഘടനയെയും നിയമത്തെയും വെല്ലുവിളിക്കുകയാണ‌്.

NO COMMENTS