രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടര്‍മാരും പാലിക്കേണ്ടത്

17

കാസറഗോഡ് : വോട്ടെടുപ്പ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു.സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം.ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ട അധികാരിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതും പരിശോധന വേളയില്‍ അവ കാണിക്കുകയും വേണം.

പോളിംഗ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ദൂരപരിധിക്കുള്ളിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് സ്റ്റേഷന്റെ നൂറ് മീറ്റര്‍ പരിധിയ്ക്കുള്ളിലും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പാടില്ല. ഒബ്സര്‍വര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും മൊബൈല്‍ഫോണ്‍ പോളിംഗ് ബൂത്തിനകത്ത് കൊണ്ടുപോകാന്‍ അനുവാദമില്ല.പോളിംഗ് ദിനത്തില്‍ രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ വാഹനമേര്‍പ്പെടുത്താന്‍ പാടില്ല. നേരിട്ടോ അല്ലാതയോ ഇത്തരം സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.

പോളിംഗ് ബൂത്തുകളില്‍ ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം

പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റാം. രജിസ്റ്ററില്‍ ഒപ്പും വിരലടയാളവും പതിക്കണം. വോട്ടര്‍മാരുടെ വിരലില്‍ ശ്രദ്ധാപൂര്‍വമായിരിക്കും മഷി പുരട്ടുക.

ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോളിംഗ് അസിസ്റ്റന്റും ഒരു പോലീസ് ഉദ്യേഗസ്ഥനുമുണ്ടാകും. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ എണ്ണം പത്തില്‍ കൂടാന്‍ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കണം. വോട്ടെടുപ്പിന് മുന്‍പ് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം.

ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും പോളിംഗ് അസിസ്റ്റന്റുമാരാണ് സാനിറ്റൈസര്‍ വിതരണം ചെയ്യുക. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കയ്യുറ എന്നിവ ധരിക്കണം. ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണമെന്നാണ് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശം.

NO COMMENTS