പോക്‌സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

27

സംസ്ഥാനത്തെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതലത്തിൽ നിരീക്ഷണ സമിതി രൂപീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശിശുസൗഹാർദ പരവും സുതാര്യവുമാക്കുന്നതിന് കർത്തവ്യവാഹകരുടെ കൂട്ടായ ഇടപെടലുകൾ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് തുടർ നടപടികൾ സ്വീകരിക്കാൻ വനിത-ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ ചെയർ പേഴ്‌സൺ കെ.വി മനോജ് കുമാർ, അംഗം ബി.ബബിത എന്നിവരുടെ ഡിവിഷൻബെഞ്ചാണ് നിർദേശം നൽകിയത്.

ജില്ലാ കളക്ടർ ചെയർപേഴ്‌സണും, ബാലാവകാശ കമ്മീഷൻ മെമ്പർ ഫെസിലിറ്റേറ്ററും, ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപേഴ്‌സൺ വൈസ് ചെയർപേഴ്‌സണും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നോഡൽ ഓഫീസറും ജില്ലാ നിരീക്ഷണ സമിതിയുടെ ഭാഗമാകും.
ജില്ലാ നിയമ സേവന അതോറിറ്റി മെമ്പർ സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പോലീസ് മേധാവി, ഡി.വൈ.എസ്.പി-എസ്.ജെ ആൻഡ് പി.യു, ഡി.വൈ.എസ്.പി-എസ്.സി.ആർ.ബി, തദ്ദേശ സ്വയം ഭരണം, എക്‌സൈസ്, വിദ്യാഭ്യാസം എന്നിവയുടെ ഡി.ഡിമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ, ജില്ലാ പട്ടികജാതി-പട്ടിക വർഗ്ഗ വികസന വികസന ഓഫീസർമാർ, പോക്‌സോ പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ അംഗങ്ങളുമായി ജില്ലാ നിരീക്ഷണ സമിതി രൂപീകരിക്കുന്നതിനാണ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്.

ജില്ലാ നിരീക്ഷണ സമിതികൾ മൂന്നുമാസത്തിൽ ഒരിക്കൽ കൂടണം. ഓരോ കർത്തവ്യ വാഹകരും നിയമം നടപ്പാക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ രേഖാമൂലം ജില്ലാ നിരീക്ഷണ കമ്മിറ്റിയിൽ വിശദീകരിക്കേണ്ടതാണ്. കർത്തവ്യവാഹകർ വിശദീകരിച്ച കാര്യങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങളും സ്വീകരിക്കേണ്ട നടപടിക്രമങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ജില്ലാ നിരീക്ഷണ കമ്മിറ്റിയിൽ നടപടി സ്വീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ വകുപ്പ് തലത്തിൽ തരംതിരിച്ച് രേഖാമൂലം പോക്‌സോ നിരീക്ഷണ സംവിധാനമായ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിക്കണം. നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കർത്തവ്യവാഹകർക്ക് കൃത്യമായ പരിശീലനം നൽകണം. ജില്ലയിൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്

പോക്‌സോ നിയമം – 2012 ന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ കർത്തവ്യവാഹകർ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് നിയമവുമായി ബന്ധപ്പെട്ട എല്ലാ ജില്ലാ വകുപ്പ് മേധാവികളും കൂടിച്ചേർന്ന് വിശകലനം ചെയ്ത് തുടർ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കമ്മിറ്റി സംഘടിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ചുമതലയാണ്. ശുപാർശകളിൻമേൽ വനിത-ശിശു വികസന വകുപ്പ് സ്വീകരിച്ച നടപടികൾ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും ഉത്തരവിൽ നിർദേശം നൽകി.

NO COMMENTS