പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

282

തിരുവനന്തപുരം: കേരളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ജനുവരിയില്‍ മദ്ധ്യപ്രദേശില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് ഒരു മാദ്ധ്യമത്തില്‍ കിരണ്‍ റിജിജുവിന്റേതായി വന്ന പ്രതികരണം. എന്നാല്‍ കേരളം പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. സര്‍ക്കാരിന്റെ നയമല്ല വര്‍ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും കലാപവുമുണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെയാണ്. ഇത്തരം പ്രസ്ഥാനങ്ങളെ നിരോധനം കൊണ്ട് നേരിടാന്‍ കഴിയില്ല. അതാണ് മുന്‍കാല അനുഭവം തെളിയിക്കുന്നത്.

ഈ നിലപാട് തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കാര്യത്തിലും ഉള്ളത്. നിരോധനം കൊണ്ട് വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോ അവരുടെ പ്രത്യയശാസ്ത്രമോ ഇല്ലാതാക്കാനാവില്ല. ഇത്തരം വര്‍ഗീയതയേയും തീവ്രവാദത്തേയും നേരിടേണ്ടത് ജനങ്ങളെ അണിനിരത്തിയും കര്‍ക്കശമായ നിയമ നടപടികള്‍ സ്വീകരിച്ചുമാണ്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
ക്രമസമാധാനപാലന രംഗത്ത് അതിന്റെ ഫലം പ്രകടമാണ്. 2005 മുതല്‍ 2012 വരെയുളള കാലയളവില്‍ കേരളത്തില്‍ മതസ്പര്‍ദ്ധ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എന്‍.ഡി.എഫ് പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേവലം 14 കേസുകളാണ് 2013 മുതല്‍ 2017 വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കേരളം മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ മുന്നിലാണെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. നാഷണല്‍ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ രേഖകളും ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

NO COMMENTS