കേരളത്തിൻറെ വികസന മുന്നേറ്റത്തിന് ഊന്നല്‍ നല്‍കി പിണറായി സര്‍ക്കാറിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചു.തൊഴില്‍ മേഖലയിൽ വമ്പന്‍ പ്രഖ്യാപനങ്ങൾ – ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു – മലബാറിന്‍റെ വികസനം ലക്ഷ്യമിട്ട് മൂന്ന് വ്യവസായ ഇടനാഴികള്‍ – കർഷകർക്ക് ആശ്വാസം – എല്ലാ വീട്ടിലും ലാപ്ടോപ്പ് -പ്രവാസികള്‍ക്കായി 100 കോടിയുടെ ക്ഷേമപദ്ധതി

38

തിരുവനന്തപുരം: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ഊന്നല്‍ നല്‍കി പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ അവസാന ബജറ്റ്. തൊഴില്‍ മേഖലയിലും വിദ്യഭ്യാസ മേഖലയിലും വമ്പന്‍ പ്രഖ്യാപനങ്ങളാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഉള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ അമ്പതിനായിരം രൂപ മുതല്‍ മൂടക്കില്‍ മൂന്ന് വമ്പന്‍ വ്യവസായ ഇടനാഴികകളും പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

എല്ലാവിധ ക്ഷേമ പെന്‍ഷനുകളും 100 രൂപ വീതം വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ ആനുകൂല്യം ലഭ്യമാവും. ഇതോടെ അര്‍ഹരായ എല്ലാവര്‍ക്കും മാസം 1600 രൂപ പെന്‍ഷനായി ലഭിക്കും. കഴിഞ്ഞ മാസം ക്ഷേമ പെന്‍ഷന്‍ 1400 രൂപയില്‍ നിന്നും 1500 രൂപയായി ഉയര്‍ത്തിയിരുന്നു. 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുമ്പോള്‍ 600 രൂപയുണ്ടായിരുന്ന പെന്‍ഷനാണ് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 1600 രൂപയായി വര്‍ധിപ്പിച്ചത്.

പ്രവാസി ക്ഷേമം

പ്രതീക്ഷിച്ചത് പോലെ പ്രവാസി ക്ഷേമത്തിനുമുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായി. പ്രവാസി ക്ഷേമ പദ്ധതിക്ക് 100 കോടിയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.

മലബാറിന്‍റെ വികസം ലക്ഷ്യമിട്ട് മൂന്ന്
വ്യവസായ ഇടനാഴികള്‍

കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം, ക്യാപിറ്റല്‍ സിറ്റി റീജ്യണല്‍ പ്രോഗ്രാം എന്നിങ്ങനെ മൂന്ന് വ്യവസായ ഇടനാഴികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. മൂന്ന് പദ്ധതികള്‍ക്കുമായി അമ്പതിനായിരം കോടി രൂപയാണ് മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നത്. കൊച്ചി-പാലക്കാട് ഐടി ഇന്‍ഡസ്ട്രിയല്‍ ഇടനാഴി ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊച്ചി-മംഗലാപുരം ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്ന മലബാറിന്‍റെ വികസം ലക്ഷ്യമിട്ടാണ്. ക്യാപിറ്റല്‍ സിറ്റി റീജ്യണ്‍ പ്രോഗ്രാമിന്‍റെ ഭാഗമായി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത സ്ഥാപിക്കും.

കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയിലും ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ഏപ്രില്‍ 1 മുതല്‍ റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. 150 രൂപയില്‍ നിന്നുമാണ് വര്‍ധനവ്. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി ഉയര്‍ത്തി. നാളികേരത്തിന്റെ സംഭരണ വില 27 രൂപയില്‍ നിന്ന് 32 രൂപയാക്കി ഉയര്‍ത്തി. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും തോമസ് ഐസക് വിമര്‍ശനം ഉന്നയിച്ചു.

ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസ മേഖലയിലും വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉണ്ടായത്. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യത്തിന് 56 കോടി രൂപ അനുവദിച്ചു. സര്‍വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കിഫ്ബി വഴി 2000 കോടി അനുവദിക്കും. സര്‍വകലാശാലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടിയും അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി നാക് അക്രഡേറ്റിഷൻ മെച്ചപ്പെടുത്താൻ കോളേജുകൾക്ക് 28 കോടിയും അനുവദിച്ചു. എല്ലാ വീട്ടിലും ലാപ്ടോപ്പ് എന്ന പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

തൊഴില്‍ രംഗം

അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം ലഭിച്ചവരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ വീകേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും. ബജറ്റില്‍ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും നിരവധിയാണ്. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യ വികസന പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് അഞ്ച് കോടി രൂപ വകയിരുത്തി.

NO COMMENTS