ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നു പിണറായി വിജയന്‍

238

കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഭിന്നശേഷിക്കാരുടെ യാത്രാസൗജന്യത്തിന്റെ കാര്യത്തിലും പ്രത്യേക പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ധര്‍മടം നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണവും ക്യാമ്ബും ഉദ്ഘാടനം ചെയ്യവെയാണു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഭിന്നശേഷിക്കാരെ കണ്ടെത്താന്‍ തദ്ദേശസ്ഥാപന തലത്തില്‍ വിവരശേഖരണം നടത്തണം. ഇങ്ങനെയുള്ളവരില്‍ വിവിധ പ്രായ വിഭാഗത്തിലായി എത്ര പേരുണ്ടെന്ന് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് സവിശേഷമായ കഴിവുകളുണ്ടാകും. ഇത് വളര്‍ത്തിയെടുക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കുടുംബത്തിലുള്ളവര്‍ക്കുപോലും ഇതിന് കഴിഞ്ഞെന്നുവരില്ല. വിദ്യാസമ്പന്നരായവ രക്ഷിതാക്കളില്‍പ്പോലും ഇത്തരം കുഞ്ഞുങ്ങളുടെ കാര്യം പുറത്തറിയരുതെന്ന് ചിന്തിക്കുന്നവരുണ്ട്. ഈ സമീപനം കുഞ്ഞുങ്ങളുടെ സവിശേഷമായ കഴിവ് വളര്‍ത്തിയെടുക്കുന്നതിനും സ്വാഭാവിക വളര്‍ച്ചയ്ക്കുതന്നെയും വിഘാതമാകുന്ന സ്ഥിതിയുണ്ട്. പ്രത്യേക പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുള്ള സ്കൂളുകളാണ് ആവശ്യം. ഇത്തരം കേന്ദ്രങ്ങള്‍ കൂടുതല്‍ വ്യാപകമാകണം. ഇങ്ങനെയുള്ള സ്കൂളുകള്‍ക്ക് നേരത്തെ എയ്ഡഡ് പദവി നല്‍കിയിരുന്നു. ബാക്കിയുള്ളവക്ക് കൂടി ഈ പദവി ലഭിക്കണമെന്ന് തന്നെയാണ് സര്‍കാരിന്റെ നിലപാട്.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ കുടുംബങ്ങളെല്ലാം കൂടി ഒരിടത്തേക്ക് വീടുകള്‍ മാറി താമസം തുടങ്ങിയ അനുഭവം കേരളത്തിലുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, ഇടപെടുന്ന മറ്റുള്ളവരും പ്രത്യേക പരിഗണന നല്‍കുന്ന മനോഭാവമുള്ളവരാകണം എന്ന കാഴ്ചപ്പാടിലാണ് അവര്‍ ഇങ്ങനെ ചെയ്തത്. ഭിന്നശേഷിക്കാര്‍ക്കുള്ള ജോലി സംവരണത്തിന്റെ കാര്യത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ ഒഴിവുകളില്‍ നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ഒഴിവുകള്‍ സമയബന്ധിതമായി നികത്താന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കും. ഭിന്നശേഷിക്കാരായവര്‍ക്ക് ഒരു അവഗണനയും ഉണ്ടാവാന്‍ പാടില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ശതമാനം നിശ്ചയിച്ചു നല്‍കുന്നതിനുള്ള വൈദ്യപരിശോധന നടത്തുന്നതില്‍ വല്ലാതെ കാലതാമസം ഉണ്ടാകുന്നുണ്ട്. ഇത് വേഗത്തില്‍ തന്നെ ചെയ്യാനാകണം. കണ്ണൂര്‍ ജില്ലയില്‍ ഇതിനായി മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സംഘങ്ങളെ സജ്ജമാക്കി പ്രത്യേക ക്യാമ്ബ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടി സ്വീകരിച്ചതായി കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ മാതൃക എല്ലായിടത്തും സ്വീകരിച്ച്‌ പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. ഭിന്നശേഷി ശതമാനം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് തന്നെ യാത്രാ സൗജന്യത്തിനും ഉപയോഗിക്കന്നതിനുള്ള നടപടി ആലോചനയിലുണ്ടെന്നും പിണറായി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY