മാധ്യമ മാനേജ്മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

171

തിരുവനന്തപുരം: മാധ്യമ മാനേജ്മെന്റുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമപ്രവര്‍ത്തകരെ മാനേജ്മെന്റുകള്‍ ശത്രുക്കളായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കോഴിക്കോട് മാധ്യമം ജേര്‍ണ്ണലിസ്റ്റ് യൂണിയന്‍റെ രജതജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നും മുഖ്യമന്ത്രി.
മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന പതിവ് ശൈലി വിട്ട് ഇക്കുറി മാനേജ്മെന്‍റുകള്‍ക്കെതിരെയായിരുന്നു പിണറായിയുടെ വിമര്‍ശനം. പത്രസ്ഥാപനങ്ങളില്‍ വേജ്ബോര്‍ഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മാനേജ്മന്റുകള്‍ സംഘടിച്ചപ്പോള്‍ സുപ്രീംകോടതി ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്ന,സാഹചര്യം ഉണ്ടാക്കിയതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ഇഷ്ടക്കാരല്ലാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി ബുദ്ധിമുട്ടിക്കുന്നു. പരിചയസമ്ബന്നരായ മാധ്യമപ്രവര്‍ത്തകരെ ഒളിഞ്ഞും തെളിഞ്ഞും പിരിച്ചുവിടുന്നു. സ്ഥിരം ജീവനക്കാരേക്കാള്‍ കരാറുകാരോടാണ് മാനേജ്മെന്റുകള്‍ക്ക് പ്രിയം ഇങ്ങനെപോയി പിണറായിയുടെ കുറ്റപ്പെടുത്തല്‍.
എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി ഉള്ള ദൃശ്യമാധ്യമങ്ങളുടെ മത്സരം സത്യത്തെ വളച്ചൊടിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.സംഭവിക്കുന്ന തെറ്റുകള്‍ തിരുത്താന്‍ ദൃശ്യമാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്വാശ്രയകരാര്‍, ഇ പി ജയരാജന്‍ വിവാദങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പങ്കെടുത്ത ചടങ്ങാണ് കോഴിക്കോട് നടന്നത്. സൗഹൃദം പങ്കുവച്ചും, കുശലാന്വേഷണങ്ങള്‍ നടത്തിയുമാണ് ഇരുവരും പിരിഞ്ഞത്.

NO COMMENTS

LEAVE A REPLY