സംസ്ഥാന സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍കുബേറ്റര്‍ രൂപീകരിക്കും : മുഖ്യമന്ത്രി

221

കൊച്ചി : ഡിസൈന്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഡിസൈന്‍ ഇന്‍കുബേറ്റര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പ്രസ്താവിച്ചു. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഐടി വകുപ്പും കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ററാക്ഷന്‍ ഡിസൈനും ചേര്‍ന്ന് സംഘടിപ്പിച്ച ഡിസൈന്‍ കേരള സമ്മിറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതും ഭാവി തലമുറകള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്നതുമായ നവകേരള നിര്‍മിതിക്കായുള്ള കൂട്ടായ യത്നത്തിനായി ഓരോരുത്തരും സുസ്ഥിര ജീവിത രീതി പിന്തുടരാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നവകേരള നിര്‍മാണത്തെ പുതിയൊരു തലത്തിലേക്കുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങള്‍ രൂപപ്പെടുത്താന്‍ ഡിസൈന്‍ സമ്മിറ്റ് പോലുള്ള സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ മാറ്റത്തിന്‍റെയും മലിനീകരണത്തിന്‍റെയും പ്രത്യാഘാതങ്ങള്‍ ഓരോ വ്യക്തിയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സുസ്ഥിര ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന് ഓരോരുത്തരും അവരുടെ പങ്ക് വഹിക്കേണ്ടതുണ്ട്. സുസ്ഥിര ജീവിതരീതിയില്‍ സാങ്കേതിക വിദ്യയും ഡിസൈനിംഗും വലിയ പങ്ക് വഹിക്കുന്നുണ്ട്. പുതിയ വീട് നിര്‍മിക്കുമ്പോഴും പുതിയ ബിസിനസ് ആരംഭിക്കുമ്പോഴും സുസ്ഥിര ജീവിത രീതിയെ മുറുകെ പിടിക്കാന്‍ സാധിക്കണം. ഉല്‍പന്നങ്ങളും സേവനങ്ങളും രൂപകല്‍പന ചെയ്യുമ്പോള്‍ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ സുസ്ഥിര ജീവിത രീതിക്ക് പ്രാമുഖ്യം നല്‍കിയാലേ ഭാവി തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു നല്‍കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിര ജീവിതരീതി, ഡിസൈന്‍ എന്നിവ മുറുകെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ട്. ഇതിനായുള്ള കേരള സര്‍ക്കാരിന്‍റെ ഉദ്യമങ്ങള്‍ക്ക് രാജ്യാന്തര ്പ്രശംസ ലഭിച്ചിട്ടുണ്ട്. കേരളത്തിന്‍റെ പ്രയാണത്തിന് കുതിപ്പ് പകരുന്ന പുതിയ സമ്മിറ്റുകള്‍ അടുത്ത വര്‍ഷം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നവകേരള നിര്‍മിതിയില്‍ ഡിസൈനിന് വലിയ പ്രാമുഖ്യമുണ്ടെന്നും ഡിസൈന്‍ സമ്മിറ്റ് ഈ പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ഐ ടി സെക്രട്ടറി ശ്രീ. എം ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. ഈ സമ്മിറ്റിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കേണ്ടി വരുന്നില്ലെന്നത് സന്തോഷകരമാണെന്നും രജിസ്ട്രേഷന്‍ വഴിയും സ്പോണ്‍സര്‍ഷിപ്പ് വഴിയുമാണ് സമ്മിറ്റിന് ആവശ്യമായ പണം കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കെ നഗരജീവതം ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും ഇതിന് നയസമീപനങ്ങളിലും നിയമങ്ങളിലും മാറ്റങ്ങള്‍ വരണമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ഉന്നതാധികാര ഐ ടി കമ്മിറ്റി അംഗം ശ്രീ. വി കെ മാത്യൂസ് പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിന് രാഷ്ട്രീയ പുനരുദ്ധാരണം സംഭവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ശ്രീ. മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

ഫിക്കി കോ ചെയര്‍മാനും ലോകബാങ്ക് ഉപദേശകനുമായ ശ്രീ സുഹാസ് ഗോപിനാഥ്, സെറ സാനിറ്ററി വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ്(മാര്‍ക്കറ്റിംഗ്) പി കെ ശശിധരന്‍, കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ആര്‍ രാഹുല്‍, മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ ശ്രീ. അരുണ്‍ ബാലചന്ദ്രന്‍ എന്നിവരും സംസാരിച്ചു.

NO COMMENTS