ജമ്മുകശ്മീര്‍ ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി

166

തിരുവനന്തപുരം : ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ജനഹിതത്തിന് എതിരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിക്ക് പങ്കാളിത്തമില്ലാത്ത സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വ്യക്തമായപ്പോഴാണ് നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പി. അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനുളള അവസരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഒരുതരത്തിലുളള പരിശോധനയും നടത്താതെ നിയമസഭ പിരിച്ചുവിടുകയാണുണ്ടായത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമായിട്ടേ ഇതിനെ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമ്മുകശ്മീരിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നയം തികച്ചും ദുരുപദിഷ്ടമാണ്. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് കശ്മീര്‍ പ്രശ്‌നം കേന്ദ്രം ഉപയോഗിക്കുന്നത്. ജനങ്ങളെ കൂടുതല്‍ അകറ്റാനേ ഈ നയം ഉപകരിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS