സാശ്രയ വിഷയം: തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി

153

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ ഇന്നും നിയമസഭ സ്തംഭിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പ്രശ്നങ്ങള്‍ അവസാനിക്കാത്തതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്.എന്നാല്‍ തന്നെ ആക്ഷേപിച്ചാല്‍ പ്രശ്നങ്ങള്‍ തീരില്ലെന്നും തന്റെ പിടിവാശി മൂലമല്ല പ്രശ്നങ്ങള്‍ അവസാനിക്കാത്തതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പിടിവാശി പ്രതിപക്ഷത്തിനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയോടും സെക്രട്ടറിയോടും മോശമായി പെരുമാറിയെന്ന് പറയുന്നത് കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.മാനേജ്മെന്റുകളുമായി സംസാരിക്കണമെന്നത് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ കരാറില്‍ നിന്ന് പിന്മാറില്ല എന്നാണ് മാനേജ്മെന്റുകള്‍ നിലപാട് എടുത്തത്. ചര്‍ച്ച പൊളിച്ചത് മാനേജ്മെന്റുകളാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ നിര്‍ദേശങ്ങളില്ലാതിരുന്നത് കൊണ്ടാണ് യോഗം പിരിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു. 30 കുട്ടികള്‍ക്ക് വേണ്ടിയാണോ സഭ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.