പത്രപ്രവർത്തനത്തോടുള്ള അർപ്പണബോധത്തിൽ കെ. മോഹനൻ കേസരിക്കു സമനെന്ന് മുഖ്യമന്ത്രി

247

തിരുവനന്തപുരം: രാഷ്ട്രീയ പത്രപ്രവർത്തനത്തിന്റെ തലക്കെട്ടയിരുന്നു കെ. മോഹനൻ. പത്രപ്രവർത്തനത്തോടുള്ള അർപ്പണബോധത്തിൽ കേസരിക്കു സമനാണ് അദ്ദേഹമെന്നും അടിയന്തിരാവസ്ഥക്കാലത്ത് പ്രസ്സ് സെൻസർഷിപ്പിനെ എതിർത്ത വ്യക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ലെ സ്വദേശാഭിമാനി കേസരി പുരസ്കാരവും മാധ്യമ പ്രവർത്തന രംഗത്തെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങളും നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാധ്യമങ്ങൾ ക്രിയാത്മക പ്രതിപക്ഷം ആകണമെന്നും സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടായാൽതന്നെ സമീപനത്തിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശാഭിമാനി രാമൃഷ്ണപിള്ളയുടെയും കേസരി ബാലകൃഷ്ണപിള്ളയുടെയും സ്മരണാർത്ഥം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതാണ് സ്വദേശാഭിമാനി കേസരി പുരസ്കാരം. മുൻ രാജ്യസഭാംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ജനറൽ എഡിറ്ററുമായിരുന്ന കെ. മോഹനൻ ആണ് 2016ലെ പുരസ്കാര ജേതാവ്.
ടി. വി. അഭിമുഖത്തിന് മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണൻ, കാർട്ടൂണിൽ കേരള കൗമുദിയിലെ ടി. കെ. സുജിത്ത്, ടി. വി. റിപ്പോർട്ടിംഗിൽ ഏഷ്യനെറ്റ് ന്യൂസിലെ സുനിൽ പി. ആർ., ജനറൽ റിപ്പോർട്ടിംഗിൽ രാഷ്ട്ര ദീപികയിലെ എം. വി. വസന്ത്, ന്യുസ് ഫോട്ടോഗ്രഫി വിഭാഗത്തിൽ മെട്രോ വാർത്തയിലെ മനു ഷെല്ലി, ന്യൂസ് റീഡർ വിഭാഗത്തിൽ ഏഷ്യനെറ്റ് ന്യൂസിലെ സുജയ പാർവതി, ന്യൂസ് ക്യാമറയിൽ മാതൃഭൂമി ന്യൂസിലെ ശരത് എസ്., ന്യൂസ് എഡിറ്റിംഗിൽ മീഡിയ വണ്ണിലെ ശ്രീജിത്ത്, വികസനോന്മുഖ റിപ്പോർട്ടിംഗിൽ മലയാള മനോരമയിലെ എസ്. വി. രാജേഷ് എന്നിവരാണ് സംസ്ഥാന മാധ്യമ പുരസ്കാര ജേതാക്കൾ. ഏഷ്യാനെറ്റ് ന്യൂസിലെ ജയ്സൺ മണിയങ്ങാട് ടി. വി. റിപ്പോർട്ടിങ് പ്രത്യേക പരാമർശത്തിനും അർഹനായി. വി. എസ്. ശിവകുമാർ എം. എൽ. എ., തിരുവനന്തപുരം മേയർ വി. കെ. പ്രശാന്ത്, പ്രഭാവർമ്മ, തോമസ് ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പുരസ്കാരസമർപ്പണത്തിനു മുന്നോടിയായി അവാർഡ് ജേതക്കളും മാധ്യമ വിദ്യാർഥികളുമായി സംവാദവും സംഘടിപ്പിച്ചിരുന്നു.

NO COMMENTS