കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രമുഖരെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

187

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രമുഖരെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ നിര്‍മ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പിടി തോമസിനെയും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കത്ത്.ഇ.ശ്രീധരനെ ഒഴിവാക്കിയത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്കു കത്തയച്ചത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ശനിയാഴ്ചയാണ് കൊച്ചി മെട്രോ ഉദ്ഘാടനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പേരുകളാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്. ഇവര്‍ക്കൊപ്പം കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരും വേദി പങ്കിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. വേദിയിൽ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെഎംആർഎൽ തയാറാക്കി നൽകിയിരുന്നത്. എന്നാൽ എസ്പിജി സുരക്ഷാ ചർച്ചകൾക്കുശേഷം അത് ചുരുക്കുകയായിരുന്നു.

NO COMMENTS