വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍

200

കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍. പത്തു പേരടങ്ങുന്ന സംഘമാണു കവര്‍ച്ച നടത്തിയത്. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും തടിയന്റവിട നസീറുമായി ബന്ധമുള്ളവരും പിടിയിലായവരിലുണ്ടെന്നാണു സൂചന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം പെരുമ്പാവൂരിലെ ബിസിനസുകാരന്റെ വീട്ടില്‍നിന്നു സ്വര്‍ണവും പണവും കവര്‍ന്നത്. 60 പവന്‍ സ്വര്‍ണവും 25000 രൂപയും സംഘം മോഷ്ടിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും കവര്‍ന്നു. നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒളിവിലുള്ള പ്രതികളുടെ കൈവശമാണു സ്വര്‍ണമെന്നാണു പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കിയത്. തീവ്രവാദ പ്രവര്‍ത്തനത്തിനു വേണ്ടിയായിരുന്നോ കവര്‍ച്ചയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.