നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണം – മുഖ്യമന്ത്രി പിണറായി വിജയൻ

135

പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എല്ലാത്തരം മാലിന്യവും പൂർണമായി സംസ്‌കരിക്കാനാവുന്ന രീതികൾ സ്വീകരിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ മാലിന്യമുക്തമാകുന്നതിന് എല്ലാ മേഖലയിലുള്ളവരും പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്‌കാരങ്ങൾ ശ്രീകാര്യം എനർജി മാനേജ്‌മെൻറ് സെൻററിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ മാലിന്യം സംസ്‌കരിക്കുന്നതിന് ശരിയായ നില സ്വീകരിച്ചാൽ അത് പിന്നീടുള്ളവരും തുടരും. ഇത് നമുക്ക് മാത്രമല്ല, വരും തലമുറകൾക്കും ആവശ്യമാണ്. മാലിന്യസംസ്‌കരണത്തിന് കൃത്യമായ പരിശോധനകൾ മലിനീകരണ നിയന്ത്രണബോർഡ് നടത്തുന്നുണ്ട്. ഇത് തുടരുകയും ഇത്തരത്തിലെ എല്ലാ ഏജൻസികളും ഇക്കാര്യം ശ്രദ്ധിക്കുകയും നാട്ടുകാർ സഹകരിക്കുകയും ചെയ്താൽ മാലിന്യമുക്തമാക്കുക എന്നത് അസാധ്യമല്ല.
മാലിന്യസംസ്‌കരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കുമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഇവർക്ക് കഴിയുമെങ്കിൽ എല്ലാ വ്യവസായങ്ങൾക്കും ഇതിന് കഴിയും.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുവേ സമൂഹം തിരിച്ചറിയുന്ന കാലഘട്ടമാണിത്. പല ജീവജാലങ്ങൾക്കും ആവാസവ്യവസ്ഥ തന്നെ നഷ്ടമായത് മനുഷ്യരുടെ ഇടപെടൽ മൂലമാണ്. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ലോകമാകെ നടക്കുന്നത്. ജലാശയങ്ങൾ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് മുന്നേറാനായിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ദിശയിലേക്കും കേരളം പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പരിസ്ഥിതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത് പരിസ്ഥിതി വാർത്ത പ്രകാശനം ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് സ്വാഗതവും മെമ്പർ സെക്രട്ടറി എസ്. ശ്രീകല നന്ദിയും പറഞ്ഞു. ചടങ്ങിനുമുന്നോടിയായി വായു മലിനീകരണം സംബന്ധിച്ച് ശിൽപശാല നടന്നു.

കഴിഞ്ഞവർഷം മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ സ്ഥാപനങ്ങളാണ് അവാർഡുകൾ എറ്റുവാങ്ങിയത്. തദ്ദേശസ്ഥാപനങ്ങളിൽ (5 ലക്ഷത്തിനുമേൽ ജനസംഖ്യ വിഭാഗം) ഒന്നാംസ്ഥാനം കോഴിക്കോട് കോർപറേഷൻ, ഒന്നുമുതൽ അഞ്ചുലക്ഷം ജനസംഖ്യയുള്ളവയിൽ ഒന്നാമത് കൊയിലാണ്ടി മുനിസിപ്പാലിറ്റിയും, രണ്ടാമത് വടകര മുനിസിപ്പാലിറ്റിയും എത്തി. പൊതു സ്വീവേജ് സംസ്‌കരണ പ്ലാൻറിൽ മുട്ടത്തറ പ്ലാൻറ് ഒന്നാമതും വെല്ലിങ്്ടൺ ഐലൻറ് പ്ലാൻറ് രണ്ടാമതുമെത്തി. ആശുപത്രികളിൽ ഒന്നാംസ്ഥാനം എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടിനും രണ്ടാം സ്ഥാനം ഡി.എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും മൂന്നാംസ്ഥാനം മാനന്തവാടി ജില്ലാ ആശുപത്രിയും നേടി.

ഹോട്ടലുകളിൽ ഇടുക്കി സ്‌പൈസ് വില്ലേജ് ഒന്നാംസ്ഥാനവും തിരുവനന്തപുരം ഹിൽട്ടൺ ഇൻ രണ്ടാം സ്ഥാനവും കാസർകോട് ഖന്ന ഹോട്ടൽസ് മൂന്നാംസ്ഥാനവും നേടി. വ്യവസായങ്ങളിൽ അഞ്ച് എം.എൽ.ഡിക്ക് മുകളിൽ മലിനജലം ഉത്പാദിപ്പിക്കുന്നവയിൽ അഗസ്റ്റൻ ടെക്‌സ്‌റൈൽ കളേഴ്‌സ് പാലക്കാട് ഒന്നാമതും ബി.പി.സി.എൽ കൊച്ചി റിഫൈനറി രണ്ടാമതുമെത്തി.

ഒന്നുമുതൽ അഞ്ചു എം.എൽ.ഡി വരെ മലിനജലം ഉത്പാദിപ്പിക്കുന്നവയിൽ ട്രാവൻകൂർ ടൈറ്റാനിയം ഒന്നാംസ്ഥാനവും ആലപ്പുഴ എക്‌സ്ട്രാ വീവ് യൂണിറ്റ് ഒൺ രണ്ടാംസ്ഥാനവും നേടി. ക്രഷറുകളിൽ എറണാകുളം പാറക്കൽ ഗ്രാനൈറ്റും പത്തനംതിട്ട മാവനാൽ ഗ്രാനൈറ്റ്‌സും കണ്ണൂർ പയ്യാവൂറ ക്രഷേഴ്‌സും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

NO COMMENTS