അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറി

179

വാഷിംഗ്ടണ്‍: ലോകത്തില്‍ ഏറ്റവും അധികം ഹരിതഗൃഹ വാതകം പുറത്തുവിടുന്ന രണ്ടാമത്തെ രാജ്യമായ അമേരിക്ക പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറി. കാലാവസ്ഥാമാറ്റം പ്രതിരോധിക്കുന്നതിന് ഉണ്ടാക്കിയ പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടി അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ ക്ഷതമാണ് ഏല്‍പ്പിച്ചതെന്നും ഇതിന്റെ ഭാരം അമേരിക്കന്‍ ജനതയുടെ മേലാണെന്നും ട്രംപ് പറഞ്ഞു. ഉടമ്പടി ചൈനയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനിലാണ് ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ലോകം ഉറ്റുനോക്കിയ പ്രഖ്യാപനം ട്രംപ് നടത്തിയത്. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പിട്ടതെന്നും ട്രംപ് ആരോപിക്കുന്നു. ചൈനക്കും ഇന്ത്യക്കും അവരുടെ കല്‍ക്കരി പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ കാര്യം വരുമ്പോള്‍ മാത്രം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചിലര്‍ അതിനെ തടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ നിന്ന് പിന്മാറ്റം പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നത് തുല്യമാണെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ട്രംപിന്റെ തീരുമാനം വന്നത്. 2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്. കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്നും പാരീസ് ഉടമ്പടി അനുസരിക്കില്ലെന്നുമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നത്. താന്‍ പ്രസിഡന്റായാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ കരാര്‍ റദ്ദ് ചെയ്യുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു.

NO COMMENTS