ശശികല പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ഇവരുടെ ബന്ധുക്കളെ അംഗീകരിക്കാൻ കഴിയില്ലെന്നും ഒ.പനീർശെൽവം

190

ചെന്നൈ: പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം വി.കെ.ശശികല രാജിവയ്ക്കണമെന്നും ഇവരുടെ ബന്ധുക്കളെ അംഗീകരിക്കാൻ കഴിയില്ലെന്നും ഒ.പനീർശെൽവം. ഇടഞ്ഞു നിൽക്കുന്ന പനീർശെൽവത്തിന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകാൻ തയാറാണെന്ന ടി.ടി.വി.ദിനകരന്‍റെ ഒത്തുതീർപ്പ് ഫോർമുല ഒ.പി.എസ് പക്ഷം തള്ളിക്കളഞ്ഞു. ശശികലയെയും ബന്ധുക്കളെയും അംഗീകരിക്കാൻ കഴിയില്ലെന്ന തന്‍റെ നിലപാടിൽ മാറ്റമില്ല. അമ്മയുണ്ടായിരുന്ന കാലത്ത് ഇവരെയാരെയും അടുപ്പിക്കുക പോലുമില്ലായിരുന്നു. പാർട്ടി ജനറൽ സെക്രട്ടറിയായി സ്വയം അവരോധിച്ച ശശികലയുടെ നിയമനവും അംഗീകരിക്കാൻ പറ്റില്ല. പാർട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ശശികലയെയും കൂട്ടാളികളെയും പുറത്താക്കണമെന്ന് പറയുന്നതെന്നും ഒ.പി.എസ് വ്യക്തമാക്കി. ഇടഞ്ഞു നിൽക്കുന്ന ഒ.പി.എസ് പക്ഷത്തെ അനുനയിപ്പിക്കാൻ രാവിലെ ചെന്നൈയിൽ ഇരുപക്ഷവും യോഗം ചേർന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് ഒ.പി.എസുമായി ശശികല പക്ഷം ചർച്ച നടത്താനും ധാരണയായിരുന്നു. എന്നാൽ ഉപാധികളൊന്നും ഇല്ലാതെ ഒ.പി.എസ് പക്ഷക്കാർ പാർട്ടിയിലേക്ക് മടങ്ങിവരുമെന്ന് ശശികല പക്ഷം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. പിന്നാലെയാണ് ശശികലയെയും ബന്ധുക്കളെയും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഒ.പി.എസ് വിഭാഗം വ്യക്തമാക്കിയത്.

NO COMMENTS

LEAVE A REPLY