പനക്കാപ്പുഴ പുന:രുജ്ജീവന പദ്ധതിക്ക് ഭരണാനുമതിയായി

115

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ സമഗ്ര ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പുഴകളുടെ പുന:രുജ്ജീവനം പദ്ധതിയില്‍ പനക്കാപ്പുഴ പുന:രുജ്ജീവന പ്രവര്‍ത്തനത്തിന് ഭരണാനുമതിയായി. കയ്യൂര്‍ ചീമേനിയിലെ പെരുന്തോലില്‍ ഉത്ഭവിച്ച് കവ്വായിക്കായല്‍ വരെ നീണ്ടുകിടക്കുന്ന പനക്കാപുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി 86.5 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. ഇതില്‍ 48 ലക്ഷം രൂപ ചെറുകിട ജലസേചന വകുപ്പ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും 38.5 ലക്ഷം രൂപ ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുക.

കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, പിലിക്കോട്, പടന്ന തുടങ്ങിയ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന കാര്‍ഷിക പ്രാധാന്യമുള്ള ജലസ്രോതസ്സാണ് പനക്കാപ്പുഴ. പെരുന്തോല്‍, നാലിലക്കണ്ടം, തിമിരി, കൊടക്കവയല്‍, കുണ്ടുവയല്‍, മലപ്പ്, മടിവയല്‍, കൊതോളി, പയ്യങ്കി, കണ്ണങ്കൈ, കാവുന്തല, എടച്ചക്കൈ എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പനക്കാപ്പുഴയില്‍ നിന്നാണ് പ്രദേശനിവാസികള്‍ കാര്‍ഷികവൃത്തിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം കണ്ടെത്തുന്നത്.

ചാലില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുക, നീക്കം ചെയ്യുന്ന മണ്ണ് ഉപയോഗിച്ച് ഉയരം കുറവുളള ഭാഗങ്ങളില്‍ പാര്‍ശ്വ ബണ്ട് നിര്‍മ്മിക്കല്‍, കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് പാര്‍ശ്വബണ്ട് സംരക്ഷിക്കല്‍, നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പനക്കാപ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തും. മാലിന്യ നിക്ഷേപം തടയുന്നതിനായി ജാഗ്രതാബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് രൂപീകരണം എന്നിവയും പുനര്‍ജ്ജീവന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ഒരു പരിധിവരെ അതി തീവ്രമഴയില്‍ ചാല്‍ കരകവിഞ്ഞ് ഒഴുകി നാശനഷ്ടങ്ങള്‍ക്ക് വഴിവെക്കുന്നത് തടയുവാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു

കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ. പ്രദീപന്‍, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജന്‍.ഡി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ വി. എം. അശോക് കുമാര്‍ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS