പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനം

103

തിരുവനന്തപുരം: പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ അനുമതി ലഭിച്ചു. പിന്നാലെ, പ്രോസിക്യൂഷൻ നടപടികൾക്ക് വിജിലൻസിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ
പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഫയലിൽ അഡ്വക്കേ​റ്റ് ജനറലിനെ വിളിച്ചുവരുത്തി നിയമോപദേശം തേടിയ ശേഷമാണ് ഗവർണർ അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുമായും ആശയവിനിമയം നടത്തി .

അഴിമതിനിരോധന നിയമത്തിലെ സെക്ഷൻ-17പ്രകാരം മന്ത്രിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ പ്രോസിക്യൂഷന് നിയമന അധികാരിയുടെ അനുമതി വേണം.ഇത് സംബന്ധിച്ച ഫയൽ രാജ്ഭവൻ ഇന്നലെ മുഖ്യമന്ത്റിയുടെ ഓഫീസിനു കൈമാറി.തുടർന്നാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് അനുമതി നൽകി ആഭ്യന്തര അഡിഷണൽ ചീഫ്സെക്രട്ടറി ഡോ.വിശ്വാസ് മേത്ത രാത്രിയോടെ ഉത്തരവിറക്കിയത്. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേർക്കാനും അറസ്റ്റ് ചെയ്യാനും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിന് ഇതിലൂടെ സാധിക്കും.

ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് വിജിലൻസ് ആഭ്യന്തരവകുപ്പിനെ സമീപിച്ചത്. ഇടപാടിൽ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടെന്ന് പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജ് മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് ഇബ്രാഹിംകുഞ്ഞിനെ രണ്ടുവട്ടം ചോദ്യംചെയ്തു. പാലം നിർമ്മാണത്തിന് മുൻകൂർ പണം നൽകിയത് മന്ത്രിയുടെ ഉത്തരവിന്മേലാണെന്ന് സൂരജ് ആവർത്തിച്ചതോടെ ഇബ്രാഹിം കുഞ്ഞ് കുരുക്കിലായി. നിർമ്മാണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നായിരുന്നു ഇബ്രാഹിംകുഞ്ഞ് വിജിലൻസിന് നേരത്തേ നൽകിയ മൊഴി.ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്.

മന്ത്രിയെന്ന നിലയിൽ വഴിവിട്ട നീക്കങ്ങൾക്ക് ഒത്താശയും നിർദ്ദേശവും നൽകിയതിന് തെളിവേകുന്ന ചില ഫയലുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കരാറുകാരന് 8.25 കോടി രൂപ മുൻകൂർ നൽകാൻ ഉത്തരവിട്ടു. മുൻകൂർ പണം നൽകില്ലെന്ന് ടെൻഡർ സമയത്ത് വിവിധ കമ്പനികളുടെ യോഗത്തിൽ സൂരജ് പറഞ്ഞതോടെ പലരും ഒഴിവായി. പിന്നീട് മന്ത്രിയുടെ നിർദ്ദേശപ്രകാരം സുമിത് ഗോയൽ എം.ഡിയായ ആർ.ഡി.എസ് പ്രോജക്ടിന് കരാറും മുൻകൂറായി പണവും നൽകി.സൂരജിന്റെ മൊഴികരാർ കമ്പനിക്ക് പലിശയില്ലാതെ 8.25 കോടി മുൻകൂർ നൽകാൻ ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടു
ഏഴു ശതമാനം പലിശയ്‌ക്ക് പണം നൽകാനായിരുന്നു തന്റെ നിർദ്ദേശം.

പണം മുൻകൂർ നൽകാൻ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ മുൻ എം.ഡി മുഹമ്മദ് ഹനീഷും നിർദ്ദേശിച്ചു ഇബ്രാഹിം കുഞ്ഞിന്റെമറുവാദം പാലം പണിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം നയപരം ഉപയോഗിച്ചത് മന്ത്രിയെന്ന നിലയിലുള്ള അവകാശം.

മുൻകൂർ പണം നൽകിയതിൽ ചട്ടലംഘനമില്ല. മൊബിലൈസേഷൻ അഡ്വാൻസ് കീഴ്‌വഴക്കം. ബഡ്ജറ്റിതര പ്രോജക്ടുകൾക്കെല്ലാം ഇത്തരത്തിൽ പണം നൽകാറുണ്ട്.ക്രമക്കേട്: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസമാകും മുമ്പ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം അസാദ്ധ്യമായി. 442 മീറ്റർ നീളമുള്ള പാലം രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കി,​ 2016 ഒക്ടോബർ 12-ന് തുറന്നു. 42 കോടി രൂപ ചെലവിൽ പണിത മേൽപ്പാലത്തിൽ 2017 ജൂലായ് ആയപ്പോഴേക്കും കുഴികൾ രൂപപ്പെട്ടു

NO COMMENTS