അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പരാതിയുമായി പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍

212

യുണൈറ്റഡ് നേഷന്‍സ്: തങ്ങളുടെ മേഖലയിലെ തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പരാതിയുമായി പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നില്‍. അതിര്‍ത്തിയില്‍ ഇന്ത്യ ആക്രമണം നടത്തിയെന്നും ഇനിയും ഇത്തരത്തില്‍ നീക്കമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന്‍ വ്യക്തമാക്കി.പാകിസ്താന്‍ പരമാവധി സംയമനം പാലിക്കും. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരേ നടപടിവേണമെന്നും ഐക്യരാഷ്ട്ര രക്ഷാ സമിതി ഇക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം തന്നെ തങ്ങളുടെ പ്രദേശത്ത് ഇന്ത്യ കടന്നുകയറി എന്ന വാര്‍ത്ത സ്ഥിരീകരിക്കാന്‍ അവര്‍ തയ്യാറായില്ല. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും അതിര്‍ത്തി കേന്ദ്രങ്ങളില്‍ മാത്രമാണ് ആക്രമണമുണ്ടായതെന്നും പാകിസ്താന്‍ യുഎന്നില്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി നിയന്ത്രരേഖയില്‍ നിന്നും 500 മുതല്‍ രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നായിരുന്നു ഇന്ത്യ ഇന്നലെ തിരിച്ചടിച്ചത്. എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ പാകിസ്താന്‍ തയ്യാറായില്ല. അതിര്‍ത്തിയില്‍ നടക്കുന്ന ഒരു സാധാരണ വെടിവെയ്പ്പ് എന്ന് മാത്രമാണ് പാകിസ്താന്‍ പറയുന്നത്. അതിനിടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പാകിസ്താന്‍ നപടിയെടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു രാജ്യങ്ങളും ചേര്‍ന്ന് ചര്‍ച്ച നടത്തി ഈ മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കണമെന്നും അവര്‍ പറഞ്ഞു.അതേസമയം ഇനിയും തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അഖിനൂര്‍ മേഖലയില്‍ പാകിസ്താന്‍ ഇന്നും വെടിനിര്‍ത്തല്‍ ലംഘിച്ചു. അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുകയും ഗ്രാമങ്ങളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ നടത്തിയ സൈനീക നീക്കത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയിരം ഗ്രാമങ്ങളാണ് ഇവിടെ ഒഴിപ്പിക്കുന്നത്.