എം.കെ. സക്കീര്‍ പി.എസ്.സി. ചെയര്‍മാനായി ചുമതലയേറ്റു

216

തിരുവനന്തപുരം: പി.എസ്.സി. ചെയര്‍മാനായി എം.കെ. സക്കീര്‍ ചുമതലയേറ്റു. സ്ഥാനം ഒഴിഞ്ഞ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുന്‍ ചെയര്‍മാന്‍മാര്‍, ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍ നിയുക്ത ചെയര്‍മാന്‍റെ ഭാര്യ ലിസി, മക്കളായ നികിത, അജിസ് എന്നിവരും പങ്കെടുത്തു. പി.എസ്.സിയുടെ 14-ാമത്തെ ചെയര്‍മാനാണ് എം.കെ. സക്കീര്‍. യോഹന്നാന്‍ സ്നാപകന്‍റെ ഞാന്‍ നിങ്ങളെ വെള്ളത്തില്‍ സ്നാനം കഴിപ്പിച്ചു, എന്‍റെ പിന്നാലെ വരുന്നവന്‍ വെള്ളത്തിലും തീയിലും സ്നാനം കഴിപ്പിക്കും. അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്ന വാക്കുകള്‍ ഉദ്ധരിച്ചാണ് കെ.എസ്.രാധാകൃഷ്ണന്‍ സക്കീറിനെ എതിരേറ്റത്. ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കാലത്തിനൊപ്പം തെറ്റു കൂടാതെ വേഗത്തില്‍ സഞ്ചരിക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം മാധ്യമങ്ങളോട് ചെയര്‍മാന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനമാണു പി.എസ്.സി. പ്രഖ്യാപനങ്ങളിലൂടെ ആരെയും മോഹിപ്പിക്കാന്‍ കഴിയില്ല. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത നിശ്ചയിച്ച്‌ തെറ്റ് പറ്റാതെ റാങ്ക് ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതും ഉദ്യോഗക്കയറ്റം നിശ്ചയിക്കുന്നതും വേണ്ടി വന്നാല്‍ പിരിച്ചു വിടുന്നതും പി.എസ്.സിയാണ്. കേരളത്തിന്‍റെ അന്തസ് വാനോളം ഉയര്‍ത്താന്‍ പി.എസ്.സിക്കു കഴിഞ്ഞിട്ടുണ്ട്. ജീവനക്കാര്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY