ദിലീപിനെ പ്രതിയാക്കിയതും അന്വേഷിക്കുന്നതും വട്ടിളകിയ പൊലീസുകാരാണെന്ന് പി.സി. ജോര്‍ജ്

182

കോട്ടയം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. കേസില്‍ ദിലീപിനെ പ്രതിയാക്കി അറസ്റ്റ് ചെയ്തതു ഗൂഢാലോചനയാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി സന്ധ്യയും ചേര്‍ന്നുള്ള ഗൂഢാലോചനയായിരുന്നു അത്. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റിലായ നടന്‍ ദിലീപിനു ജാമ്യത്തിന് അര്‍ഹതയുണ്ട്. എന്തുകൊണ്ട് ഇത്രയും നാളായി അതു നല്‍കുന്നില്ല എന്നു കോടതി പറയണം. കേസ് അന്വേഷിക്കുന്നതു വട്ടിളകിയ പൊലീസുകാരാണ്. അവര്‍ നടന്‍ നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുകയാണ്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തുന്നുവെന്നു നാദിര്‍ഷ നേരിട്ടു വന്നു പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചു എന്ന പേരില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തതായി അറിയില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. സിനിമയില്‍ ദിലീപിനുണ്ടായ വളര്‍ച്ച പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കേസില്‍ അദ്ദേഹത്തെ പ്രതിയാക്കാന്‍ ഇതും കാരണമായിട്ടുണ്ട്. നിരവധി പേര്‍ക്ക് ദിലീപ് വീട് നിര്‍മ്മിച്ച നല്‍കിയിട്ടുണ്ട്. എട്ടു ലക്ഷമുള്ള വീടുകളാണ് നല്‍കിയത്. വീടില്ലാത്തവരുടെ ലിസ്റ്റ് ദിലീപിന്റെ കൈയിലുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപെന്നും ഇതൊന്നും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.